
അടിമാലി: വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. മച്ചിപ്ലാവ് ഓലിക്കുന്നേൽ വീട്ടിൽ ചന്ദ്രൻ്റെ മകൻ രമണൻ (48) ആണ് എക്സെെസ് സംഘത്തിൻ്റെ പിടിയിലായത്. നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ വി.പി മനൂപും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന. നട്ടുവളർത്തി പരിപാലിച്ചു വന്നിരുന്ന 66 സെന്റീ മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

ഇത്തരത്തിൽ കഞ്ചാവ് ചെടി നട്ടു വളർത്തുന്നത് പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എൻ.കെ ദിലീപ്, സിവിൽ എക്സൈസ് ഓഫീസർമാരായ അബ്ദുൾ ലത്തീഫ്, ധനിഷ് പുഷ്പചന്ദ്രൻ, മുഹമ്മദ് ഷാൻ വനിതാ സിവിൽ എക്സൈസ് ഓഫീസർ സിമി ഗോപി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ നിതിൻ ജോണി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.