വേനല്‍ക്കാലമാരംഭിച്ചതോടെ കല്ലാര്‍ മാങ്കുളം റോഡില്‍ വീണ്ടും കാട്ടാനകളുടെ സാന്നിധ്യം

അടിമാലി : വേനല്‍ക്കാലമാരംഭിച്ചതോടെ കല്ലാര്‍ മാങ്കുളം റോഡില്‍ വീണ്ടും കാട്ടാനകളുടെ സാന്നിധ്യം. വിരിപാറക്കും മുനിപാറക്കും ഇടയില്‍ തിങ്കളാഴ്ച്ച രാത്രിയില്‍ കാട്ടാനയിറങ്ങി. റോഡില്‍ കാട്ടാനകളുടെ സാന്നിധ്യമുണ്ടായതോടെ മാങ്കുളത്തേക്കുള്ള രാത്രിയാത്ര ക്ലേശകരമായി. നേരമിരുളുന്നതോടെ ആളുകള്‍ ഭയപ്പാടോടെ യാത്ര ചെയ്യേണ്ടുന്ന സ്ഥിതിയാണ്. വിനോദ സഞ്ചാര മേഖലയായതോടെ മാങ്കുളത്തേക്കും ആനക്കുളത്തേക്കുമൊക്കെ ധാരാളം സഞ്ചാരികള്‍ രാത്രികാലത്തും എത്തുന്നുണ്ട്. ആശുപത്രി സംബന്ധമായ ആവശ്യങ്ങള്‍ക്കുള്‍പ്പെടെ ആളുകള്‍ മാങ്കുളത്തു നിന്നും രാത്രികാലത്ത് പുറം ലോകത്തേക്ക് യാത്ര ചെയ്യാറുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി മറ്റിടങ്ങളില്‍ പോയി ഇരുചക്രവാഹനങ്ങളിലും മറ്റും മടങ്ങുന്നവരും ധാരാളമാണ്. റോഡില്‍ ആനകളുടെ സാന്നിധ്യമുണ്ടായതോടെ ഭയപ്പാടോടെയാണ് നേരമിരുളുന്നതോടെ ആളുകള്‍ ഇതുവഴി യാത്ര ചെയ്യുന്നത്.
മുന്‍ വര്‍ഷങ്ങളിലും സമാന രീതിയില്‍ വേനല്‍ കനത്തതോടെ കല്ലാര്‍ മാങ്കുളം റോഡില്‍ കാട്ടാനകളുടെ സാന്നിധ്യം വര്‍ധിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. ആനകളുടെ ശല്യം വര്‍ധിച്ചാല്‍ രാത്രി യാത്ര മാത്രമല്ല ആനകള്‍ എത്തുന്ന പ്രദേശത്തെ ആളുകളുടെ ജീവിതവും ദുസഹമാകും. കഴിഞ്ഞ വര്‍ഷം മുനിപാറ മേഖലയില്‍ ഒന്നിലധികം തവണ ഇരുചക്രവാഹന യാത്രികര്‍ ആനയുടെ മുമ്പില്പ്പെടുകയും തലനാരിഴക്ക് രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. ആനകളെ ഉള്‍വനത്തിലേക്ക് തുരത്താന്‍ വനംവകുപ്പിന്റെ ഇടപെടല്‍ വേണമെന്നാണ് ആവശ്യം.