വി.ഡി.സതീശന് നയിക്കുന്ന മലയോര സമര പ്രചരണ യാത്ര നാളെ ജില്ലയില്‍ പ്രവേശിക്കും

അടിമാലി:പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നയിക്കുന്ന മലയോര സമര പ്രചരണ യാത്ര നാളെ ജില്ലയില്‍ പ്രവേശിക്കും. മലയോര മേഖലയില്‍ നിലനില്‍ക്കുന്ന വിവിധ വിഷയങ്ങളില്‍ പ്രശ്നപരിഹാരം ആവശ്യപ്പെട്ടും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടുകള്‍ തുറന്നു കാട്ടിയുമാണ് യു ഡി എഫ് സംസ്ഥാന കമ്മിറ്റി മലയോര സമര പ്രചരണ ജാഥക്ക് രൂപം നല്‍കിയിട്ടുള്ളത്.നാളെ രാവിലെ 10ന് അടിമാലിയില്‍ നടക്കുന്ന സ്വീകരണ സമ്മേളനം കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും.
നേതാക്കളായ രമേശ് ചെന്നിത്തല, എം എം ഹസ്സന്,അഡ്വ: ഡീന്‍ കുര്യാക്കോസ് എം.പി, കെ എം ഷാജി, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, സിപി ജോണ്‍,രാജന് ബാബു തുടങ്ങിയവര്‍ സംസാരിക്കും.ജാഥയുടെ സ്വീകരണവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി യുഡിഎഫ് നേതാക്കള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.അടിമാലിക്ക് പുറമെ കട്ടപ്പനയിലും കുമളിയിലും ജാഥക്ക് സ്വീകരണമൊരുക്കും. ഭൂ പ്രശ്നങ്ങള്‍, വന്യ ജീവി വിഷയം,പട്ടയ പ്രശ്നങ്ങള്‍,വിലക്കയറ്റം തുടങ്ങി വിവിധ വിഷയങ്ങളാണ് യുഡിഎഫ് മലയോര സമര പ്രചരണ ജാഥയിലൂടെ മുമ്പോട്ട് വയ്ക്കുന്നത്. അടിമാലി ടൗണ്‍ ജുമാ മസ്ജിദ് പരിസരത്തു നിന്നും ജാഥയെ സ്വീകരിക്കും.
മൂവായിരത്തിലധികം പ്രവര്‍ത്തകര്‍ നാളത്തെ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും യു.ഡി.എഫ്. ദേവികുളം നിയോജക മണ്ഡലം ചെയര്മാന് എം.ബി.സൈനുദ്ദീന്‍, കണ്‍വീനര്‍ ഒ.ആര്.ശശി, ഡി സി.സി.സി വൈസ് പ്രസിഡന്റ് പി.വി.സ്ക്കറിയ, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ബാബു പി കുര്യാക്കോസ്, സി.എം പി ജില്ല സെക്രട്ടറി കെ.എ.കുര്യന്, ജെ.എസ്.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി.ജയന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.