
മറയൂര്‍: ജില്ലയില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരു ജീവന് കൂടി പൊലിഞ്ഞു. മറയൂര്‍ ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ കള്ളിക്കാട് ഭാഗത്ത് വച്ചുണ്ടായ കാട്ടാന ആക്രമണത്തിലാണ് മറയൂര്‍ ചമ്പക്കാട് സ്വദേശിയായ വിമല്‍ മരണപ്പെട്ടത്. രാവിലെ എട്ടേമുക്കാലോടെയായിരുന്നു സംഭവം നടന്നത്.വനം വകുപ്പിന്റെ പാമ്പാര്‍ ലോഗ് ഹൗസിലേക്കുള്ള വഴിതെളിക്കുന്നതിനും ഫയര്‍ലൈന്‍ തെളിക്കുന്നതിനുമായി പോയ സംഘത്തിന് നേരെ കാട്ടാന ആക്രമണം ഉണ്ടാവുകയായിരുന്നു. വിമലടങ്ങുന്ന ഒമ്പതുപേരുടെ സംഘമായിരുന്നു കാടുവെട്ടി തെളിക്കാനായി പോയത്. രണ്ടു സ്ത്രീകളുള്‍പ്പെടെ ഈ കൂട്ടത്തിലുണ്ടായിരുന്നു. സംഘം നടന്നുപോകുന്നതിനിടെയാണ് ആനയുടെ ആക്രമണമുണ്ടാകുന്നത്. കൂട്ടത്തില്‍ ഏറ്റവും പിന്നിലായിട്ടാണ് വിമലുണ്ടായിരുന്നത്. ആനയുടെ മുന്നില്‍പ്പെട്ട വിമലിന് രക്ഷപ്പെടാനായില്ലെന്നാണ് കൂടെയുണ്ടായവര്‍ പറയുന്നത്.പരിക്കേറ്റ വിമലിനെ വനം വകുപ്പിന്റെ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.മൃതദേഹം തുടര്‍ നടപടികള്‍ക്കായി മാറ്റി.