കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വിമലിന്റെ കുടുംബത്തിന് സാമ്പത്തിക സഹായത്തിന്റെ ആദ്യ ഗഡു കൈമാറി

മറയൂര്‍: മറയൂരില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ചമ്പക്കാട് സ്വദേശി വിമലിന്റെ കുടുംബത്തിന് വനംവകുപ്പ് നല്‍കുന്ന സാമ്പത്തിക സഹായത്തിന്റെ ആദ്യ ഗഡു കൈമാറി. ഇന്നലെ രാവിലെയായിരുന്നു മറയൂര്‍ ചമ്പക്കാട് സ്വദേശിയായ വിമല്‍ ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ വച്ചുണ്ടായ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.ഫയര്‍ ലൈന്‍ തെളിക്കുന്ന ജോലികള്‍ക്കായി പോകുന്നതിനിടയില്‍ വിമലടങ്ങുന്ന സംഘത്തെ അപ്രതീക്ഷിതമായി കാട്ടാന ആക്രമിക്കുകയായിരുന്നു.വിമലിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ ഇന്ന് ചമ്പക്കാട് ആദിവാസി കുടിയില്‍ നടന്നു.അഡ്വ എ.രാജ എം എല്‍ എ, ത്രിതല പഞ്ചായത്തംഗങ്ങള്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചമ്പക്കാട് കുടിയില്‍ എത്തിയിരുന്നു.സംസ്‌ക്കാര ചടങ്ങുകള്‍ക്ക് ശേഷം വനംവകുപ്പ് നല്‍കുന്ന സാമ്പത്തിക സാഹയത്തിന്റെ ആദ്യ ഗഡു എം എല്‍ എ കുടുംബത്തിന് കൈമാറി.5 ലക്ഷം രൂപക്കൊപ്പം സമാശ്വാസ ധനമായ ഒന്നര ലക്ഷം രൂപയും കുടുംബത്തിന് നല്‍കി.മരണപ്പെട്ട വിമലിന്റെ മകനെ സ്ഥിരം വാച്ചറായി നിയമിക്കുന്നതിന് വേണ്ടുന്ന തുടര്‍ ഇടപെടലുകള്‍ നടത്തുമെന്ന് എ രാജ എം എല്‍ എ പറഞ്ഞു.വനംവകുപ്പിന്റെ സാമ്പത്തിക സഹായത്തില്‍ ശേഷിക്കുന്ന 5 ലക്ഷം രൂപയും ഇന്‍ഷുറന്‍സ് തുകയായ ഒരു ലക്ഷം രൂപയും പിന്നാലെ നല്‍കുമെന്ന് വനംവകുപ്പുദ്യോസ്ഥര്‍ വ്യക്തമാക്കി.ചിന്നാര്‍ വന്യജീവി സങ്കേതത്തിലുള്ള 11 കുടികള്‍ക്ക് ചുറ്റും ഹാംഗിംങ്ങ് സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചതായും വനംവകുപ്പ് അറിയിച്ചു.