
അടിമാലി: അടിമാലി ടൗണിലും പരിസരപ്രദേശങ്ങളിലും മാലിന്യ നിക്ഷേപം വര്‍ധിക്കുന്നുവെന്ന ആക്ഷേപങ്ങളുടെ അടിസ്ഥാനത്തില്‍ നിയമലംഘകര്‍ക്കെതിരെ നടപടി കടുപ്പിക്കാന്‍ അടിമാലി ഗ്രാമപഞ്ചായത്ത്. അടിമാലി ടൗണിലും പരിസരപ്രദേശങ്ങളിലുമുള്ള വിജനമായ ഇടങ്ങളിലും കൈത്തോടുകളിലും ഓടകളിലുമെല്ലാം മാലിന്യ നിക്ഷേപം വര്‍ധിക്കുന്നുവെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് വിഷയത്തില്‍ ഗ്രാമപഞ്ചായത്ത് വീണ്ടും നടപടി കടുപ്പിക്കാനൊരുങ്ങുന്നത്. ടൗണിലെ ഓടകളിലേക്കും മറ്റും ശുചിമുറികളിലെ മലിന ജലം ഒഴുക്കുന്നുവെന്ന പരാതി മുമ്പ് ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ ഓടകളുടെ സ്ലാബുകള്‍ നീക്കി പരിശോധന നടത്തുകയും നടപടി കൈകൊള്ളുകയും ചെയ്തിരുന്നു.
നാളുകള്‍ക്ക് ശേഷമാണിപ്പോള്‍ വീണ്ടും സമാന രീതിയിലുള്ള ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. ഏതെങ്കിലും വിധത്തിലുള്ള മാലിന്യ നിക്ഷേപം കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നന്ദകുമാര്‍ പറഞ്ഞു. കഴിഞ്ഞ ഒന്നരവര്‍ഷം കൊണ്ട് മാലിന്യനിക്ഷേപമടക്കമുള്ള നിയമലംഘനങ്ങള്‍ക്കെതിരെ പത്ത് ലക്ഷത്തിലധികം രൂപ പഞ്ചായത്ത് പിഴ ഈടാക്കിയതായും സെക്രട്ടറി വ്യക്തമാക്കി. വേനല്‍ക്കാലമാരംഭിച്ചതോടെ ടൗണ്‍ പരിസരത്തെ പല കൈത്തോടുകളിലും ജലനിരപ്പ് താഴുകയും അവ അഴുക്കുചാലുകളായി മാറുകയും ചെയ്തിട്ടുണ്ട്. ഓടകളുടെ സ്ഥിതിയും മറിച്ചല്ല. ദേശിയപാതയില്‍ ബസ് സ്റ്റാന്‍ഡ് ജംഗ്ഷന്‍ ഭാഗത്ത് ചില സമയങ്ങളില്‍ അസഹനീയമായ ദുര്‍ഗന്ധം ഉയരുന്ന സ്ഥിതി നിലനില്‍ക്കുന്നു.ഇത്തരം സാഹചര്യങ്ങളിലാണ് മാലിന്യനിക്ഷേപത്തിനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്.