കെ എസ് ആര്‍ ടി സിയുടെ റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസ് എറ്റെടുത്ത് സഞ്ചാരികള്‍

മൂന്നാര്‍: മൂന്നാറിലെത്തിച്ച കെ എസ് ആര്‍ ടി സിയുടെ റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസ് എറ്റെടുത്ത് സഞ്ചാരികള്‍. മൂന്നാറിന്റെ വശ്യ മനോഹാരിത 360 ഡ്രിഗ്രിയില്‍ കണ്ടറിഞ്ഞ് യാത്ര ചെയ്യാന്‍ അവസരമൊരുക്കിയായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് മൂന്നാറില്‍ കെ എസ് ആര്‍ ടി സിയുടെ റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസ് സര്‍വ്വീസാരംഭിച്ചത്.ഒരാഴ്ച്ച പിന്നിടുമ്പോള്‍ ബസ് സര്‍വ്വീസ് സഞ്ചാരികള്‍ ഏറ്റെടുത്ത് കഴിഞ്ഞു. ദിവസവും മൂന്നാറില്‍ നിന്നാരംഭിച്ച് ആനയിറങ്കല്‍ ജലാശയം വരെ നീളുന്ന മൂന്ന് സര്‍വ്വീസുകളാണ് ബസിനുള്ളത്. ബസ് നിറഞ്ഞാണ് ഒട്ടുമിക്ക സര്‍വ്വീസുകളും നടക്കുന്നത്. ഒരാഴ്ച്ച പിന്നിടുമ്പോള്‍ മികച്ച പ്രതികരണവും മെച്ചപ്പെട്ട വരുമാനവും നേടിയാണ് ബസ് സര്‍വ്വീസ് നടക്കുന്നതെന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ പറഞ്ഞു.
ഉയരത്തില്‍ ഇരുന്നുള്ള മൂന്നാറിന്റെ വിശാലമായ കാഴ്ച്ചകള്‍ സഞ്ചാരികളും ആസ്വദിക്കുന്നുണ്ട്. ബസിന്റെ താഴത്തെ ഡക്കറില്‍ 200 രൂപയും മുകള്‍ ഡക്കറില്‍ 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഓണ്‍ലൈനായും നേരിട്ടും ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാന്‍ സൗകര്യമുണ്ട്. സഞ്ചാരികള്‍ക്ക് പുറമെ തദ്ദേശിയരായ ആളുകളും ഡബിള്‍ ഡക്കര്‍ ബസില്‍ കയറി യാത്ര ചെയ്യാന്‍ എത്തുന്നുണ്ട്.നവ മാധ്യമങ്ങളിലും ഡബിള്‍ ഡക്കര്‍ ബസിന്റെ ദൃശ്യങ്ങള്‍ തരംഗമായി കഴിഞ്ഞു.