
മൂന്നാര്‍: മൂന്നാറില്‍ ടാക്സി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗം തൊഴിലാളികള്‍ മോട്ടോര്‍വാഹനവകുപ്പിനെതിരെ രംഗത്ത്.മൂന്നാര്‍ മേഖലയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മോട്ടോര്‍ വാഹനവകുപ്പിന്റെ കര്‍ശന പരിശോധന തുടരുന്നുണ്ട്. ഡബിള്‍ ഡക്കര്‍ ബസിന്റെ ഉദ്ഘാടനത്തിനെത്തിയ ഗതാഗതവകുപ്പ് മന്ത്രിക്കു നേരെ ടാക്സി തൊഴിലാളികള്‍ കരിങ്കൊടി പ്രതിഷേധം നടത്തുകയും പിന്നീട് മൂന്നാറില്‍ കര്‍ശന പരിശോധനക്ക് ഗതാഗത വകുപ്പ് മന്ത്രി ഉത്തരവിടുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധന തുടരുന്നതിനിടയിലാണ് മൂന്നാറില്‍ ടാക്സി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗം തൊഴിലാളികള്‍ മോട്ടോര്‍വാഹനവകുപ്പിനെതിരെ രംഗത്തെത്തിയിട്ടുള്ളത്.
മോട്ടോര്‍ വാഹനവകുപ്പുദ്യോഗസ്ഥര്‍ അന്യായമായി പരിശോധന നടത്തി തങ്ങളെ ഉപദ്രവിക്കുന്നുവെന്നാണ് തൊഴിലാളികളുടെ ആരോപണം.തങ്ങളുടെ വാഹനങ്ങള്‍ മാത്രം തിരഞ്ഞ് പിടിച്ച് പരിശോധന നടത്തുന്നുവെന്നും തുടര്‍ച്ചയായി ഫൈന്‍ അടിച്ച് ജീവിതം വഴിമുട്ടിക്കുന്നുവെന്നും തൊഴിലാളികള്‍ പരാതി ഉന്നയിക്കുന്നു. എന്നാല്‍ വകുപ്പിന് ലഭിച്ച ചില പരാതികളുടെയും കൃത്യമായ നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ വിശദീകരണം. ഗതാഗത സൗകര്യം കുറവുള്ള തോട്ടം മേഖലകളില്‍ സര്‍വ്വീസ് നടത്തുന്ന ടാക്സി വാഹനങ്ങള്‍ തിരഞ്ഞ് പിടിച്ച് മോട്ടോര്‍ വാഹനവകുപ്പ് നടത്തുന്ന അന്യായമായ പരിശോധന തങ്ങളുടെ ഉപജീവന മാര്‍ഗ്ഗം വഴിയടക്കുമെന്നും മൂന്നാറിലെ ടാക്സി തൊഴിലാളികള്‍ ആരോപിക്കുന്നു. വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് ടാക്സി തൊഴിലാളികള്‍.