
അടിമാലി: അടിമാലിയില്‍ പണി കഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ച സിവില്‍ സ്റ്റേഷന്റെ നിര്‍മ്മാണ ജോലികള്‍ക്ക് വേണ്ടുന്ന നടപടികളുടെ കാര്യത്തില്‍ വേഗത കൈവരിക്കണമെന്നാവശ്യം. അടിമാലി ടൗണ്‍ കേന്ദ്രീകരിച്ച് സിവില്‍ സ്റ്റേഷന് നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അടിമാലിയില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് വര്‍ഷങ്ങളായി വാടകക്കെട്ടിടങ്ങളിലാണ്.
അടിമാലി എക്സൈസ് റേഞ്ച് ഓഫീസ്, നാര്‍ക്കോട്ടിക് ഓഫീസ്,ഇ എസ് ഐ ഡിസ്പെന്‍സറി,മോട്ടോര്‍ വാഹന വകുപ്പോഫീസ് തുടങ്ങിയവയൊക്കെ വാടകകെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അടിമാലിയിലെ ചില സ്ഥാപനങ്ങള്‍ മാത്രമാണ്. ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളെ സിവില്‍ സ്റ്റേഷന് നിര്‍മ്മിച്ച് ഒരു കുടക്കീഴില് കൊണ്ടുവന്നാല്‍ ആളുകള്‍ക്കത് കൂടുതല്‍ സൗകര്യപ്രദമാകും. ഈ സാഹചര്യത്തിലാണ് പണി കഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ച സിവില്‍ സ്റ്റേഷന്റെ നിര്‍മ്മാണ ജോലികള്‍ക്ക് വേണ്ടുന്ന നടപടികളുടെ കാര്യത്തില്‍ വേഗത കൈവരിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുള്ളത്.
സിവില്‍ സ്റ്റേഷന് നിര്‍മ്മാണത്തിന് വേണ്ടുന്ന ഭൂമി കണ്ടെത്തുന്ന കാര്യങ്ങളിലടക്കം മുമ്പ് കൂടിയാലോചനകള്‍ നടന്നിരുന്നു. അരഡസനിലധികം പഞ്ചായത്തുകളില്‍ നിന്നും ആളുകള്‍ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി അടിമാലി ടൗണിനെയാണ് ആശ്രയിക്കുന്നത്. അടിമാലി ടൗണിലെത്തിയ ശേഷം ടൗണിന്റെ പല ഭാഗങ്ങളിലായി കിടക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എത്തുവാന്‍ ആളുകള്‍ പിന്നെയും പണം മുടക്കണം. സിവില്‍ സ്റ്റേഷന് നിര്‍മ്മിച്ചാല്‍ വാടകയിനത്തില്‍ നഷ്ടമാകുന്ന ഭീമന് തുകയും സര്‍ക്കാരിന് ഒഴിവാക്കാം