ചെറിയ പെരുന്നാള്‍ ആഘോഷം; അടിമാലി, മൂന്നാര്‍ മേഖലകളിലെ ജുമാമസ്ജിദുകളില്‍ പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകള്‍ നടന്നു

അടിമാലി: ചെറിയ പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി അടിമാലി, മൂന്നാര്‍ മേഖലകളിലെ വിവിധ മുസ്ലീം ദേവാലയങ്ങളില്‍ പ്രത്യേക നമസ്‌ക്കാര ചടങ്ങുകള്‍ നടന്നു. ത്യാഗത്തിന്റെയും പങ്കു വയ്ക്കലിന്റെയും സ്മരണ പുതുക്കിയാണ് ലോകമെമ്പാടുമുള്ള ഇസ്ലാംമത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചത്. 30 ദിനരാത്രങ്ങള്‍ പിന്നിട്ട നോമ്പുകാലത്തിന്റെ മഹത്വം വിളിച്ചോതി വിശ്വാസികള്‍ പുതുവസ്ത്രം അണിഞ്ഞും പരസ്പരം ആശ്ലേഷിച്ചും ആഘോഷങ്ങളില്‍ പങ്ക് ചേര്‍ന്നു..
മൂന്നാര്‍ ടൗണ്‍ ജുമാ മസ്ജിദില്‍ നടന്ന പ്രാര്‍ത്ഥന ചടങ്ങുകള്‍ക്ക് ചീഫ് ഇമാം ആഷിഖ് അല്‍ കൗസരി കാസിം മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മാനവ സൗഹാര്‍ദ്ദം തന്നെയാണ് ഇത്തവണത്തെ ചെറിയ പെരുന്നാള്‍ ആഘോഷവും മുമ്പോട്ട് വയ്ക്കുന്നതെന്ന് ചീഫ് ഇമാം പറഞ്ഞു. ഇരുമ്പുപാലത്തും കൂമ്പന്‍പാറയിലും മന്നാങ്കാലായിലും വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനക്കായി പള്ളികളില്‍ പ്രത്യേക സൗകര്യമൊരുക്കിയിരുന്നു. നൂറു കണക്കിന് വിശ്വാസികള്‍ നിസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തു. മുപ്പത് ദിവസം നീണ്ട വ്രത ശുദ്ധിയുടെ നിറവില്‍ നന്മകളാല്‍ സ്ഫുടം ചെയ്തെടുത്ത മനസ്സുമായാണ് വിശ്വാസികള്‍ ചെറിയപെരുന്നാളിനെ സ്വീകരിച്ചത്. പുതുവസ്ത്രങ്ങളണിഞ്ഞും പെരുന്നാള്‍ നമസ്‌ക്കാരശേഷം ബന്ധുമിത്രാദികളുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ചും വിശ്വാസികള്‍ പെരുന്നാള്‍ സന്തോഷത്തില്‍ പങ്ക് ചേര്‍ന്നു