
.അന്യസംസ്ഥാനത്തുനിന്നും കേരളത്തിലേക്ക് ഏത്തക്കായുടെ വരവ് കുത്തനെ വർധിച്ചതോടെ ഇടുക്കിയിലെ ഏത്തവാഴ കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് വിലയിടിഞ്ഞു. മുമ്പ് 75 രൂപ വരെ വില ലഭിച്ചിരുന്ന നാടൻ ഏത്തക്കായ്ക്ക് ഇപ്പോൾ 50 മുതൽ 55 രൂപ വരെ മാത്രമാണ് ലഭിക്കുന്നത്. ഉത്പാദന ചിലവുമായി തട്ടിച്ചു നോക്കുമ്പോൾ കൃഷി പൂർണ്ണമായും നഷ്ടമാണെന്നാണ് കർഷകരും പറയുന്നത്.
ഇടുക്കിയിൽ വർഷം മുഴുവൻ വിളവെടുക്കുന്ന രീതിയിലാണ് കർഷകർ ഏത്തവാഴ കൃഷി നടത്താറുള്ളത്. ഓണത്തോടനുബന്ധിച്ച് വ്യാപകമായി വിളവെടുപ്പ് നടത്തുമെങ്കിലും മറ്റു മാസങ്ങളിലും ഏത്തക്കായ വിപണിയിൽ എത്തും.മഴക്കാലത്തിനു മുന്നോടിയായി ആരംഭിക്കുന്ന കൃഷിയാണ് ഇപ്പോൾ വേനൽക്കാലത്ത് വിളവെടുക്കുന്നത്. ദൃഢതയും ഗുണമേന്മയും ഉള്ള കായയാണ് ഈ സമയത്ത് ലഭിക്കുന്നത്. എന്നാൽ അന്യസംസ്ഥാനങ്ങളിൽ നിന്നും വ്യാപകമായി ഏത്തക്കായ എത്തിയതോടെ കൂടി പ്രാദേശിക കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് വിലയില്ലാത്ത അവസ്ഥയാണ്.തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമാണ് പ്രധാനമായും ജില്ലയിലേക്ക് ഏത്തക്കായ എത്തുന്നത്.
നിലവിൽ 35 മുതൽ 40 രൂപ വരെ വിലക്കാണ് ചില്ലറ വില്പനക്കാർക്ക് അന്യസംസ്ഥാന ഏത്തക്കായ ലഭിക്കുന്നത്.ഇതിനാൽ തന്നെ വിൽപ്പനക്കാർ അമിത ലാഭം പ്രതീക്ഷിച്ച് അന്യസംസ്ഥാനത്തുനിന്നും എത്തുന്ന കായ വിൽക്കുവാനാണ് താല്പര്യം കാണിക്കുന്നത്.ഇതോടുകൂടി ന്യായമായ വില ലഭിക്കാതെ പ്രതിസന്ധിയിലായത് പ്രാദേശിക കർഷകരാണ്. ഗവൺമെൻറ് പ്രാദേശിക കർഷകർക്ക് സബ്സിഡി നൽകി ഉൽപ്പന്നങ്ങൾ ശേഖരിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.