
അടിമാലി: ദേവികുളം താലൂക്കില്‍ ഇന്നും ശക്തമായ മഴ പെയ്തു.കനത്ത മഴയില്‍ ദേശിയപാത 185ല്‍ മണ്ണിടിച്ചില്‍ ഉണ്ടായി. കല്ലാര്‍കുട്ടിക്ക് സമീപം നായ്ക്കുന്ന് ജംഗ്ഷനിലാണ് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടത്. പാതയോരത്തു നിന്നും മണ്ണും മരവും ഇടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു.സംഭവ സമയത്ത് റോഡില്‍ വാഹനങ്ങളും കാല്‍നടയാത്രികരും ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

മണ്ണിടിച്ചില്‍ ഉണ്ടായ ഉടന്‍ പ്രദേശവാസികളും അടിമാലി ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മരം മുറിച്ചു നീക്കി.അരമണിക്കൂറോളം സമയത്തെ തടസ്സത്തിന് ശേഷം ഗതാഗതം പുനസ്ഥാപിച്ചു.അടിമാലി മുതല്‍ പനംകുട്ടി വരെയുള്ള ഭാഗത്ത് അപകടാവസ്ഥ ഉയര്‍ത്തുന്ന മരങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പ് മുറിച്ചു നീക്കിയിട്ടും ഈ ഭാഗത്ത് മരം വീഴ്ച്ച തുടരുകയാണ്.ശക്തമായ മഴയില്‍ ഓട തകര്‍ന്ന് മൂന്നാറില്‍ വീടിനുള്ളിലേക്ക് വെള്ളം കയറി. മൂന്നാര്‍ എം ജി നഗര്‍ സ്വദേശിനി ഗാന്ധിമതിയുടെ വീടിനുള്ളിലാണ് വെള്ളം കയറിയത്.

വീടിനു പിറകിലൂടെ പോകുന്ന ഓട തകരുകയായിരുന്നു. വീടിനുള്ളിലേക്ക് വെള്ളം ഒഴുകിയെത്തിയതോടെ വീട്ടുപകരണങ്ങള്‍ വെള്ളത്തില്‍ മുങ്ങി.അടിമാലി മുത്താരം കുന്നില്‍ പ്രദേശവാസിയായ എല്‍ദോസിന്റെ വീട് മണ്ണിടിച്ചില്‍ ഭീഷണി നേരിടുകയാണ്.വീടിന്റെ മുന്‍ഭാഗത്തും പിറകുഭാഗത്തും മണ്ണിടിച്ചില്‍ ഉണ്ടായി.ഇന്നും ഉള്‍മേഖലകളില്‍ പലയിടത്തും വൈദ്യുതി തടസ്സം ഉണ്ടായി. മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ യാത്രാ നിരോധനം തുടരുന്നു. മൂന്നാറില്‍ ഒരു ദുരിതാശ്വാസ ക്യാമ്പും പ്രവര്‍ത്തിക്കുന്നു. വിവിധ അണക്കെട്ടുകളിലും പുഴകളിലും ജലനിരപ്പുയര്‍ന്നു.മഴ തുടരുന്ന സാഹചര്യത്തില്‍ പ്രാദേശിക ഭരണകൂടങ്ങളടക്കം ജാഗ്രത പുലര്‍ത്തുന്നുണ്ട്.