
മൃഗങ്ങളുടെ കോശങ്ങളില്‍ നിന്ന് നിര്‍മ്മിക്കുന്ന മാംസം വില്‍ക്കാന്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ അനുമതി. കാലിഫോര്‍ണിയയിലെ അപ്‌സൈഡ് ഫുഡ്‌സ്, ഗുഡ് മീറ്റ് എന്നീ കമ്പനികള്‍ക്ക് അവരുടെ പുതിയ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കൃഷി വകുപ്പാണ് അനുമതി നല്‍കിയത്. ഈ പുതിയ ഇനം മാംസത്തിനായി കന്നുകാലികളെ വളര്‍ത്തുകയോ കൊല്ലുകയോ ചെയ്യേണ്ടതില്ല. മൃഗങ്ങള്‍ക്കും പരിസ്ഥിതിക്കും സൗഹാര്‍ദപരമായ രീതിയിലാണ് ഇതിന്റെ ഉല്‍പാദനം എന്ന് വക്താക്കളെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ ഒരു ബില്യണ്‍ ഏക്കറിലധികം സ്ഥലമാണ് അമേരിക്കയില്‍ കൃഷിക്കായി ഉപയോഗിക്കുന്നത്. ഇത് ആകെ ഭൂവിസ്തൃതിയുടെ പകുതിയിലധികം വരും. ഇതില്‍ ഭൂരിഭാഗവും കന്നുകാലികളെ മേയ്ക്കാനാണ് ഉപയോഗിക്കുന്നത്. മൃഗങ്ങളുടെ കോശങ്ങളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന മാംസം സ്റ്റീല്‍ ടാങ്കുകളില്‍ സൂക്ഷിച്ചാണ് സെല്‍ കള്‍ട്ടിവേറ്റഡ് മീറ്റ് വികസിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള 150ലധികം കമ്പനികള്‍ ഈ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ദ ഹിന്ദുവിന്റെ റിപ്പോ!ര്‍ട്ടില്‍ പറയുന്നു. ചിക്കന്‍, ഗോമാംസം, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവയാണ് ഇങ്ങനെ ഉല്‍പാദിപ്പിക്കുന്നത്.
ഈ മാംസം കടകളില്‍ വില്പനയ്‌ക്കെത്തിക്കുന്നതിന് മുമ്പ് റെസ്‌റ്റോറന്റുകളിലാകും ആദ്യം പരീക്ഷിക്കുക. അടുത്ത രണ്ടോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ ചെറുകിട കച്ചവടക്കാര്‍ക്കിടയിലും ഏഴ് മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഈ ഉല്‍പ്പന്നം ഉപഭോക്താക്കള്‍ക്കായി എത്തിത്തുടങ്ങുമെന്നാണ് സെല്‍ കള്‍ട്ടിവേറ്റഡ് മീറ്റ് സ്‌പെഷ്യലൈസ് ചെയ്യുന്ന പ്രോജക്ട് മാനേജര്‍ സെബാസ്റ്റ്യന്‍ ബോണ്‍ പറയുന്നത്.