ദേശിയപാത85ലെ നിര്‍മ്മാണ പ്രതിസന്ധി; മന്ത്രിയുടെ ഓഫീസിന് മുമ്പില്‍ ഉപവാസ സമരം തിങ്കളാഴ്ച്ച

അടിമാലി: ദേശിയപാത85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ശരിയായ സത്യവാങ്ങ് മൂലം നല്‍കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബര്‍ ഒന്നിന് മന്ത്രി റോഷി അഗസ്റ്റിന്റെ ഇടുക്കിയിലെ ഓഫിസിന് മുന്നില്‍ ദേശീയപാത സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തും. ദേശിയപാത85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയില്‍ രൂപം കൊണ്ടിട്ടുള്ള നിര്‍മ്മാണ പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ദേശിയപാത സംരക്ഷണ സമിതി വീണ്ടും പ്രത്യക്ഷ സമരവുമായി രംഗത്ത് വന്നിട്ടുള്ളത്.
ഹൈക്കോടതിയില്‍ ദേശീയപാത 85 സംബന്ധിച്ച കേസ് എടുത്തപ്പോള്‍ ഈ ഭാഗം വനമല്ലെന്ന് തെളിയിക്കാന്‍ സര്‍ക്കാര്‍ കൈവശമുള്ള രേഖകള്‍ സമര്‍പ്പിക്കാത്തതിനാല്‍ കേസ് മാറ്റിവച്ചിരിക്കുകയാണെന്ന് ദേശിയപാത സംരക്ഷണ സമിതി ആരോപിക്കുന്നു. ദേശീയപാത അധികൃതര്‍ ഹൈക്കോടതിയില്‍ ഹാജരാവു കയും നേര്യമംഗലം മുതല്‍ വാളറ വരെയുള്ള റോഡ് വികസനം നടക്കുന്ന ഭാഗം വനമല്ലെന്നും പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള റവന്യൂ ഭൂമി യാണെന്നും രേഖകള്‍ സഹിതം സത്യവാങ്മൂലം സമര്‍പ്പിക്കുകയുണ്ടായി. എന്നാല്‍, സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജന റല്‍ വനമല്ലെന്ന സര്‍ക്കാര്‍ നിലപാട് വാക്കാല്‍ പറയുകയാണ് ഉണ്ടായത്.
ഇത് ഇക്കാര്യത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് ദേശിയപാത സംരക്ഷണ സമിതി ആരോപിക്കുന്നു. നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ശരിയായ സത്യവാങ്ങ് മൂലം നല്‍കണമെന്നാവശ്യപ്പെട്ടാണ് സെപ്റ്റംബര്‍ ഒന്നിന് മന്ത്രി റോഷി അഗസ്റ്റിന്റെ ഇടുക്കിയിലെ ഓഫിസിന് മുന്നില്‍ ദേശീയപാത സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തുന്നത്. സമരത്തില്‍ സാമൂഹിക, സാംസ്‌ക്കാരിക, രാഷ്ട്രീയ രംഗത്തെ ആളുകള്‍ പങ്കെടുക്കുമെന്ന് ദേശീയപാത സംരക്ഷണസമിതി ഭാരവാഹികള്‍ അറിയിച്ചു.1ന് രാവിലെ 9ന് അടിമാലിയില്‍ നിന്നും സമരത്തില്‍ പങ്കെടുക്കാനുള്ള വാഹനങ്ങളും ആളുകളും ചെറുതോണിക്ക് പുറപ്പെടുമെന്നും ദേശീയപാത സംരക്ഷണസമിതി വ്യക്തമാക്കി.