കാഴ്ച വെല്ലുവിളി നേരിടുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു

ചെറുതൊണി; കാഴ്ച വെല്ലുവിളി നേരിടുന്നവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു പറഞ്ഞു. ജില്ലയില്‍ നടപ്പാക്കുന്ന ബ്രെയില്‍ സാക്ഷരതാ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാഴ്ച വെല്ലുവിളി നേരിടുന്നവര്‍ക്ക് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലോകത്തെ കൂടുതല്‍ അറിയാന്‍ സൗകര്യങ്ങള്‍ ഒരുക്കും. ഇതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് .തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കാഴ്ച വെല്ലുവിളി നേരിടുന്നവരെ കണ്ടെത്തി അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള ഫെഡറേഷന് ഓഫ് ദി ബ്ലൈന്‍ഡ് അധ്യാപക ഫോറവുമായി ചേര്‍ന്ന് സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. നാല് മാസമാണ് പദ്ധതി കാലാവധി.
ബ്രെയില്‍ ലിപിയില്‍ അടിസ്ഥാന വിദ്യാഭ്യാസം നല്‍കുക, ആത്മവിശ്വാസവും ആത്മാഭിമാനവും വര്‍ധിപ്പിക്കുക, ഒറ്റപ്പെട്ടു നില്‍ക്കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക, കലാപരമായ കഴിവുകളെ വികസിപ്പിക്കാനും പ്രകടിപ്പിക്കാനും അവസരം ഒരുക്കുക, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍.സാമൂഹ്യ നീതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, ആശ വര്‍ക്കര്‍മാര്‍, അംഗനവാടി പ്രവര്‍ത്തകര്‍,സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാകും പദ്ധതി നടത്തിപ്പ്. സര്‍വ്വേയിലൂടെ കണ്ടെത്തുന്ന പഠിതാക്കള്‍ക്ക് 160 മണിക്കൂര്‍ ക്ലാസ് നല്‍കും.ഇതിനായി ബ്രെയില്‍ ലിപിയില്‍ പ്രാവീണ്യമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള ഇന്‍സ്ട്രക്ടര്‍മാരെ നിയോഗിക്കും. ബ്രെയില്‍ ലിപിയിലേക്ക് തര്‍ജ്ജമ ചെയ്ത സാക്ഷരതാ പാഠ പുസ്തകമാണ് ബ്രെയില്‍ സാക്ഷരതാ പദ്ധതിക്കായി ഉപയോഗിക്കുന്നത്.15 മുതല്‍ 20 വരെ പഠിതാക്കള്‍ക്ക് ഒരു അധ്യാപകന് എന്ന നിലയിലാകും ക്ലാസുകള്‍ സജ്ജമാക്കുക. ജില്ലയില്‍ നിന്നും കാഴ്ച വെല്ലുവിളി നേരിടുന്നവരെ കണ്ടെത്താനുള്ള സര്‍വേ ഡിസംബര്‍ 15 ന് മുന്‍പ് പൂര്‍ത്തിയാക്കാന്‍ യോഗം തീരുമാനിച്ചു.ഡയറ്റ് പ്രിന്‍സിപ്പല്‍ എം.കെ. ലോഹിദാസന്‍, സാക്ഷരതാ മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.എം. അബ്ദുള്‍കരീം , വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.