
സംസ്ഥാന യുവജന കമ്മീഷന്‍ അദാലത്തില്‍ ആറ് പരാതികള്‍ തീര്‍പ്പാക്കി . ആകെ 12 പരാതികളാണ് ഇടുക്കി കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തിന്റെ പരിഗണനയ്ക്കായി എത്തിയത്. തീര്‍പ്പാക്കാത്തവ അടുത്ത അദാലത്തില്‍ പരിഗണിക്കുമെന്ന് സംസ്ഥാന യുവജനകമ്മിഷന്‍ ചെയര്‍മാന്‍ എം.ഷാജര്‍ പറഞ്ഞു.യുവജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ പരിഹാരങ്ങള്‍ ലഭ്യമാക്കുന്നതിന് കമ്മീഷന്‍ ഇടപെടും. കോവിഡിന് മുന്‍പും ശേഷവും യുവജനങ്ങള്‍ക്കിയിടയില്‍ സംഭവിക്കുന്ന ആത്മഹത്യയെ സംബന്ധിച്ച് എം എസ് ഡബ്ലിയു വിദ്യാര്‍ത്ഥികളെ ഉപയോഗപ്പെടുത്തി പഠനം നടന്നുവരികയാണ്. പഠന റിപ്പോര്‍ട്ട് ജനുവരി ആദ്യവാരം സര്‍ക്കാരിന് സമര്‍പ്പിക്കാനും തുടര്‍ന്ന് വിവിധങ്ങളായ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുവാനുമാണ് യുവജന കമ്മിഷന്‍ തീരുമാനം.ഇതിന്റെ ഭാഗമായി യുവജനങ്ങള്‍ക്കായി പ്രചോദനാത്മക ജീവിതം ജീവിക്കുന്ന വ്യക്തികളെ ഒരുമിപ്പിച്ച് സംഗമം നടത്തും.സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ കൂടി അദാലത്ത് പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ സംസ്ഥാന തലത്തില്‍ കമ്മിഷന്‍ മെഗാ അദാലത്ത് സംഘടിപ്പിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. കമ്മീഷന്‍ അംഗം അബേഷ് അലോഷ്യസ്, അഡ്മിനിട്രേറ്റീവ് ഓഫീസര്‍ പ്രകാശ് പി. ജോസഫ് എന്നിവര്‍ പങ്കെടുത്തു.