
ഓണത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന നിറപ്പൊലിമ പരിപാടിയുടെ ഭാഗമായി ഞാനും പൂവും എന്ന പദ്ധതിക്ക് ഇടുക്കി ജില്ലയിലെ വാത്തിക്കുടി നവജ്യോതി ബഡ്‌സ് സ്‌കൂളില്‍ തുടക്കമായി. കുട്ടികളില്‍ മാനസിക ഉല്ലാസത്തിനു ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി ലക്ഷ്യമിട്ട് നടത്തുന്ന ഈ പദ്ധതി നവജ്യോതി ബഡ്‌സ് സ്‌കൂളും കുടുംബശ്രീ ജില്ലാ മിഷന്‍ ഇടുക്കിയും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.
ബഡ്‌സ് സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോര്‍ജ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജെ.എല്‍.ജി അംഗങ്ങളുടെ നേതൃത്വത്തില്‍ നവജ്യോതി ബഡ്‌സ് സ്‌കൂളിലെ അഞ്ച് സെന്റ് പുരയിടത്തില്‍ നാല് തരം പൂക്കള്‍ കൃഷി ചെയ്തുകൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പൂക്കള്‍ നടുന്നതിലും പരിപാലിക്കുന്നതിലും വിളവെടുക്കുന്നതിലും കുട്ടികള്‍ സജീവമായി പങ്കാളികളാകും. ഇത് അവര്‍ക്ക് മാനസിക ഉല്ലാസം നല്‍കുന്നതിനൊപ്പം ഒരുതരം തെറാപ്പിയായും പ്രവര്‍ത്തിക്കും. പൂക്കള്‍ വളരുന്നതും പൂവിടുന്നതും വിളവെടുക്കുന്നതും നേരിട്ടറിയാന്‍ കുട്ടികള്‍ക്ക് ഇതിലൂടെ അവസരം ലഭിക്കും. കൂടാതെ ഈ വരുന്ന ഓണത്തിന് പൂക്കളമിടാന്‍ ഈ പൂക്കള്‍ തന്നെ ഉപയോഗിക്കാനും അവര്‍ക്ക് സാധിക്കും.
ഓഗസ്റ്റ് അവസാനത്തോടെ പൂക്കളുടെ വിളവെടുപ്പ് നടത്താനാണ് നിലവില്‍ പദ്ധതിയിട്ടിരിക്കുന്നത്. ഈ സംരംഭം കുട്ടികള്‍ക്ക് പ്രകൃതിയോട് കൂടുതല്‍ അടുക്കാനും പ്രായോഗികമായ അറിവ് നേടാനും സഹായിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.