
മൂന്നാര്‍: മൂന്നാറില്‍ ജനവാസ മേഖലയില്‍ കാട്ടാന ശല്യം ഒഴിയുന്നില്ല. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന തെന്മല എസ്റ്റേറ്റ് ഒമ്പതാംമൈല്‍ ഡിവിഷനില്‍ കാട്ടാനകള്‍ നിലയുറപ്പിച്ചിട്ടുള്ളതാണ് പ്രദേശവാസികളില്‍ ആശങ്ക സൃഷ്ടിക്കുന്നത്. അഞ്ചോളം ആനകളാണ് കഴിഞ്ഞ രണ്ട് ദിവസമായി ഈ പ്രദേശത്ത് സ്വരൈ്യവിഹാരം നടത്തുന്നത്. ജനവാസ മേഖലയില്‍ എത്തിയിട്ടുള്ള ആനകള്‍ കൃഷിനാശം വരുത്തിയിട്ടുണ്ട്. ഈ ആനകളെ പ്രദേശത്തു നിന്നും തുരത്തണമെന്നാണ് ആളുകളുടെ ആവശ്യം. വേനല്‍ക്കാലമാരംഭിച്ചതോടെ തോട്ടം മേഖലയില്‍ വന്യജീവി ശല്യം വര്‍ധിച്ചിട്ടുണ്ട്.പടയപ്പയേയും ഒറ്റകൊമ്പനേയും പോലുള്ള ഒറ്റയാന്‍മാര്‍ക്ക് പുറമെയാണ് കാട്ടാനകൂട്ടവും ജനവാസ മേഖലകളിലേക്ക് എത്തിയിട്ടുള്ളത്.
ആനകളുടെ സാന്നിധ്യമുള്ളതിനാല്‍ ആളുകള്‍ രാത്രികാലങ്ങളില്‍ പുറത്തിറങ്ങാന്‍ ഭയക്കുന്ന സ്ഥിതിയുണ്ട്. ആളുകള്‍ക്കും വീടുകള്‍ക്കും നേരെ കാട്ടാനകളുടെ ആക്രമണം ഉണ്ടാകുമോയെന്ന ആശങ്കയും പ്രദേശവാസികള്‍ക്കുണ്ട്.