ഇരുമ്പുപാലത്തെ എസ് ബി ഐ ബ്രാഞ്ച് മറ്റൊരിടത്തേക്ക് മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധം

അടിമാലി : ഇരുമ്പുപാലത്ത് പ്രവര്‍ത്തിച്ച് വരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ച് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നിടത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം.അടിമാലി പഞ്ചായത്ത് പരിധിയില്‍ വരുന്ന പ്രധാന ടൗണുകളില്‍ ഒന്നാണ് ഇരുമ്പുപാലം. ഇരുമ്പുപാലം ടൗണില്‍ ഏറെ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് വരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ച് നിലവില്‍ പ്രവര്‍ത്തിക്കുന്നിടത്തു നിന്നും മറ്റൊരിടത്തേക്ക് മാറ്റാന്‍ നീക്കം നടക്കുന്നുവെന്നും അങ്ങനെ വന്നാല്‍ അത് ഇടപാടുകാര്‍ക്ക് വലിയ പ്രായോഗിക ബുദ്ധിമുട്ടിന് ഇടവരുത്തുമെന്നുമാണ് ജനകീയ സമിതിയുടെ ആരോപണം.
ബാങ്കുകള്‍ ഗ്രൗണ്ട് ഫ്‌ളോറില്‍ പ്രവര്‍ത്തിക്കണമെന്ന മാനദണ്ഡം വന്നതോടെ നിലവില്‍ പ്രവര്‍ത്തിക്കുന്നതിന് സമീപം തന്നെ സൗകര്യപ്രദമായി കെട്ടിടം നല്‍കാന്‍ ഉടമ തയ്യാറായിട്ടും ചില ഉദ്യോഗസ്ഥരുടെ വ്യക്തി താല്‍പര്യം മുന്‍നിര്‍ത്തി ടൗണില്‍ നിന്നും ഒരു കിലോമീറ്ററോളം ദൂരേക്ക് ബ്രാഞ്ച് മാറ്റാന്‍ നീക്കം നടക്കുന്നുവെന്ന് ജനകീയ സമിതി അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ടൗണില്‍ നിന്നും ബാങ്ക് ദൂരേക്ക് മാറ്റപ്പെട്ടാല്‍ വിവിധയിടങ്ങളില്‍ നിന്ന് ഇടപാടുകള്‍ക്ക് എത്തുന്ന സാധാരണക്കാരായ ആളുകള്‍ വീണ്ടും മറ്റൊരു വാഹനം പിടിച്ച് ബാങ്കിലെത്തേണ്ട സ്ഥിതിയുണ്ടാകും.
ഇത് സമയ നഷ്ടത്തിനൊപ്പം സാമ്പത്തിക നഷ്ടത്തിനും കാരണമാകും.മുമ്പ് ടൗണ്‍ വികസനത്തിന് കരുത്തായി നിന്ന ബാങ്ക് ഓഫീസ് ടൗണില്‍ നിന്ന് മാറ്റപ്പെട്ടാല്‍ വ്യാപാരത്തേയും വികസനത്തേയും അത് പ്രതികൂലമായി ബാധിക്കും. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന നീക്കം ബാങ്ക് അധികൃതര്‍ ഉപേക്ഷിക്കണമെന്നും അല്ലാത്ത പക്ഷം സമരത്തിന് രൂപം നല്‍കുമെന്നും ചാണ്ടി പി അലക്‌സാണ്ടര്‍, ബേബി അഞ്ചേരി, ടെന്നി തോമസ്, കെ കെ രാജന്‍, ജോജി വര്‍ഗ്ഗീസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.