
അടിമാലി : ആദിവാസി വിഭാഗത്തിലെ പെൺകുട്ടികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകി ഗതാഗത മന്ത്രി ആന്റണി രാജു. ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന നവകേരള സദസിന്റെ ഭാഗമായി ദേവികുളം മണ്ഡലത്തിൽ നടന്ന സദസിലാണ് ലൈസൻസുകൾ നൽകിയത് .മറയൂർ ഗ്രാമപഞ്ചായത്തിലെ ആറ് പെൺകുട്ടികൾക്കാണ് ഡ്രൈവിങ് ലൈസൻസ് ലഭിച്ചത്.

ജില്ലയിലെ ആദിവാസി ഊരുകളിലെ പ്രായപൂർത്തിയായ പെൺകുട്ടികൾക്ക് സൗജന്യമായി വാഹനമോടിക്കാൻ പഠിപ്പിച്ച് ഡ്രൈവിങ് ലൈസൻസെടുത്ത് നൽകുന്ന ഗോത്രസേവ പദ്ധതിയായ കനവ് മോട്ടോർ വാഹന വകുപ്പാണ് നടത്തുന്നത്. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ കുടികളിലെത്തി ലേണേഴ്‌സ് പരീക്ഷയ്ക്കുള്ള പാഠങ്ങളും , കമ്പ്യൂട്ടർ പരിശീലനവും ഇവർക്കായി നൽകിയിരുന്നു .
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികൾക്ക് ലൈസൻസ് അപേക്ഷ സമർപ്പിക്കാനുള്ള തുകയ്ക്കായി സ്പോൺസർമാരെ വകുപ്പ് തന്നെ കണ്ടെത്തി നൽകിയിരുന്നു. ഉൾവലിഞ്ഞു പോകുന്ന ആദിവാസികളായ സ്ത്രീ സമൂഹത്തിന്റെ സ്വയം പര്യാപ്തതയാണ് ഇതിലൂടെ ലക്ഷ്യവെക്കുന്നത്.