മൂന്നാറിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മരണം,കൊലപാതകം: അന്വേഷണം ആരംഭിച്ച് പൊലീസ്

മൂന്നാര്‍: മൂന്നാറില്‍ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്ത് വന്നിരുന്ന കന്നിമല ഫാക്ടറി ഡിവിഷന്‍ സ്വദേശി രാജപാണ്ടിയെ കഴിഞ്ഞ 22നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ഭക്ഷണം പാകം ചെയ്യാനായി സെക്യൂരിറ്റി ക്യാമ്പിലേക്ക് പോയ രാജപാണ്ടിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഏറെ സമയം കഴിഞ്ഞും ഇയാള്‍ തിരികെ എത്താതെ വന്നതോടെ മറ്റ് സെക്യൂരിറ്റി ജീവനക്കാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കെട്ടിടത്തിനുള്ളില്‍ രാജപാണ്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ രാജപാണ്ടിയെ ക്രൂരമായി വെട്ടികൊലപ്പെടുത്തിയതാണെന്ന് ബോധ്യപ്പെട്ടു. തലയില്‍ ഏഴും കഴുത്തില്‍ രണ്ടും വെട്ടുകളേറ്റിട്ടുണ്ടെന്ന് പ്രാഥിമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ നടത്തിയ കൊലപാതകമാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതിനായി പ്രത്യേക സംഘത്തെയും ഇടുക്കി ജില്ലാ പൊലീസ് മേധാവി നിയോഗിച്ചു. മൂന്നാര്‍ ഡി വൈ എസ് പി അലക്‌സ് ബേബിക്കാണ് അന്വേഷണ സംഘത്തിന്റെ ചുമതല. ഒപ്പം ദേവികുളം, മൂന്നാര്‍ എസ് എച്ച് ഒ മാര്‍, എസ് ഐമാര്‍ എന്നിവരടങ്ങുന്ന പതിനാറ് ഉദ്യോഗസ്ഥരാണ് പ്രത്യേക സംഘത്തിലുള്ളത്. സുരക്ഷാ ജീവനക്കാരെ കോണ്‍ട്രാക്റ്റ് വ്യവസ്ഥയില്‍ ജോലിക്ക് നല്‍കുന്ന കമ്പനിയുടെ കീഴിലാണ് ചൊക്കനാട് എസ്റ്റേറ്റില്‍ രാജപാണ്ടി ജോലി ചെയ്ത് വന്നിരുന്നത്.