പി ജി, എം ടെക് പ്രവേശന പരീക്ഷകള്‍ക്ക് മൂന്നാറില്‍ സെന്റര്‍ അനുവദിച്ച് കേരള യൂണിവേഴ്‌സിറ്റി

മൂന്നാര്‍: പി ജി, എം ടെക് പ്രവേശന പരീക്ഷകള്‍ക്ക് മൂന്നാറില്‍ സെന്റര്‍ അനുവദിച്ച് കേരള യൂണിവേഴ്‌സിറ്റി. അഞ്ച് ദിവസങ്ങളിലായാണ് കേരള യൂണിവേഴ്‌സിറ്റിയുടെ പി ജി, എം ടെക് പ്രവേശന പരീക്ഷകള്‍ നടക്കുന്നത്. പരീക്ഷകള്‍ തിങ്കളാഴ്ച്ച ആരംഭിച്ചു. ഇത്തവണ നിലവിലുള്ള സെന്ററുകളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങള്‍ക്ക് പുറമെ മൂന്നാറിലും വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന പരീക്ഷയെഴുതാന്‍ സെന്റര്‍ ക്രമീകരിച്ചിട്ടുണ്ട്. 64 വിഷയങ്ങളുടെ പരീക്ഷകള്‍ മൂന്നാറിലും നടക്കും.
മുമ്പുണ്ടായിരുന്ന സെന്ററുകളിലേക്ക് ഹൈറേഞ്ച് മേഖലയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് എത്തണമെങ്കില്‍ ഏറെ ദൂരം സഞ്ചരിക്കേണ്ട സാഹചര്യത്തിനൊപ്പം അധിക ദൂരവും പണവും ചിലവഴിക്കേണ്ടുന്ന സ്ഥിതിയുണ്ടായിരുന്നു. കുട്ടികളുടെ ഈ അസൗകര്യം കണക്കിലെടുത്താണ് സര്‍വ്വകലാശാല ഇത്തവണ പുതിയ സെന്റര്‍ മൂന്നാറില്‍ അനുവദിച്ച് നല്‍കിയത്. മൂന്നാര്‍ ലിറ്റില്‍ഫ്‌ളവര്‍ ഗേള്‍സ് ഹൈസ്‌ക്കൂളില്‍ വച്ചാണ് പരീക്ഷകള്‍ നടക്കുന്നത്.
രാജ്യാത്താകെ 6 സെന്ററുകളാണ് ഇത്തവണ പ്രവേശന പരീക്ഷകള്‍ക്കായി കേരള യൂണിവേഴ്‌സിറ്റി ക്രമീകരിച്ചിട്ടുള്ളത്. 55ല്‍ അധികം കുട്ടികള്‍ ഇത്തവണ മൂന്നാറിനെ പ്രവേശന പരീക്ഷയുടെ സെന്ററായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇനിയുള്ള വര്‍ഷങ്ങളില്‍ പ്രവേശന പരീക്ഷകള്‍ക്ക് മൂന്നാറിലും സര്‍വ്വകലാശാലയുടെ സെന്റര്‍ ഉണ്ടാകും. യൂണിവേഴ്‌സിറ്റിയുടെ ഭാഗമായി മൂന്നാറില്‍ റീജ്യണല്‍ സെന്റര്‍ തുടങ്ങുന്ന കാര്യത്തിലും ആലോചനയുണ്ട്.