
മൂന്നാര്‍: വന്യമ്യഗങ്ങളെ തുരത്താന്‍ സംസ്ഥാന കൃഷി വിജ്ഞാനകേന്ദ്രം രൂപകല്‍പ്പന ചെയ്ത ഇ ലൈറ്റുകളുടെ വിതരണം തുടങ്ങി. വന്യജീവി ശല്യം കൂടുതലായി ഉള്ള കാന്തല്ലൂര്‍, മറയൂര്‍ പഞ്ചായത്തുകളിലായി 200 ലൈറ്റുകളാണ് വിതരണത്തിനെത്തിച്ചിട്ടുള്ളത്. വന്യമ്യഗ ശല്യമുള്ള മേഖലകളിലെ കര്‍ഷകര്‍ക്ക് സൗജന്യമായിട്ടാണ് ലൈറ്റുകള്‍ വിതരണം ചെയ്യുന്നത്. രാത്രിയില്‍ ഇടവിട്ട് നീല വെളിച്ചം പുറപ്പെടുവിക്കുന്നതാണ് ഉപകരണത്തിന്റെ പ്രവര്‍ത്തന രീതി.
സോളാര്‍ പാനലുകളില്‍ നിന്നുള്ള വൈദ്യുതി ഉപയോഗപ്പെടുത്തിയാണ് ഉപകരണം പ്രവര്‍ത്തിക്കുന്നത്. ഉപകരണം പുറപ്പെടുവിക്കുന്ന പ്രകാശം മൃഗങ്ങളെ അലോസരപ്പെടുത്തുമെന്നും ഇതുമൂലം ഇവ ലൈറ്റ് സ്ഥാപിച്ചിട്ടുള്ള മേഖലയില്‍ പ്രവേശിക്കില്ലന്നുമാണ് അധികൃതരുടെ പ്രതീക്ഷ.കാട്ടുപന്നി ശല്യമുള്ള പ്രദേശങ്ങളില്‍ ഇവയുടെ ഉയരത്തിലും ആന ശല്യമുള്ള പ്രദേശത്ത് ആനയുടെ ഉയരത്തിലും ലൈറ്റുകള്‍ സ്ഥാപിക്കണമെന്നുമാണ് കൃഷി വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. പരീക്ഷണം വിജയിച്ചാല്‍ ഇ ലൈറ്റ് വന്യമൃഗ ശല്യമുള്ള മുഴുവന്‍ മേഖലകളിലും വിതരണം നടത്തുന്നതിനാണ് കൃഷിവകുപ്പ് ലക്ഷ്യമിട്ടിട്ടുള്ളത്.