KeralaLatest NewsWorld

കെനിയയിലെ വാഹനാപകടം: അഞ്ച് മലയാളികളുടെ മൃതദേഹങ്ങൾ നാളെ കൊച്ചിയിലെത്തിക്കും

കെനിയയിലെ നെഹ്റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരണപ്പെട്ട അഞ്ച് കേരളീയരുടെ മൃതദേഹങ്ങൾ നാളെ (ഞായർ) രാവിലെ 8.45-ന് ഖത്തർ എയർവേയ്സ് വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും. മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകൾ റൂഹി മെഹ്റിൻ (ഒന്നര വയസ്), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകൾ ടൈറ റോഡ്രിഗസ്(7) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിക്കുക.

കെനിയയിൽ നിന്നും കൊണ്ടുവരുന്ന ഭൗതിക ശരീരങ്ങൾക്കും ഒപ്പമുള്ള ബന്ധുക്കൾക്കും ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് യെല്ലോ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന ആരോഗ്യപരമായ മുൻകരുതൽ നിബന്ധനയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അതിവേഗ ഇടപെടലിനെ തുടർന്ന് കേന്ദ്രസർക്കാർ പ്രത്യേക ഇളവ് അനുവദിച്ചു.

കെനിയയിൽ നിന്നു ഖത്തറിലേക്കു വിമാനം പുറപ്പെടുന്നതിന് ഏതാനും മണിക്കൂർ മുൻപ് മാത്രമാണ് യെല്ലോ ഫിവർ വാക്സിൻ സർട്ടിഫിക്കറ്റ് അത്യാവശ്യമാണെന്ന് ട്രാവൽ ഏജൻസി അധികൃതർ വ്യക്തമാക്കിയത്. ഇതോടെ ഭൗതിക ശരീരങ്ങൾ നാട്ടിലെത്തിക്കുന്നത് വൈകുമെന്ന ആശങ്ക ഉയർന്നു. കെനിയയിലെ ലോക കേരള സഭാംഗങ്ങൾ അടിയന്തിര ഇടപെടൽ തേടി നോർക്ക റൂട്ട്സിനെ വിവരം അറിയിച്ചു. ഉടൻ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രശ്നത്തിൽ ഇടപെട്ടു. നോർക്ക റൂട്ട്സും സംസ്ഥാന ആരോഗ്യ വകുപ്പും കേന്ദ്ര സർക്കാരുമായി അടിയന്തിര ഇടപെടൽ നടത്തി. ഇതേതുടർന്ന് യെല്ലോ ഫിവർ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന പ്രത്യേക സാഹചര്യം പരിഗണിച്ച് ഒഴിവാക്കി നൽകുകയായിരുന്നു.

സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മൃതദേഹങ്ങൾ നോർക്ക റൂട്ട്സ് ഏറ്റുവാങ്ങും. ഇവിടെ നിന്നും മൃതദേഹങ്ങൾ വീടുകളിലേക്കു കൊണ്ടുപോകും. മരണപ്പെട്ടവരുടെ ബന്ധുക്കളും വിമാനത്തിൽ ഒപ്പമുണ്ടാകും. ജൂണ്‍ 9-ന് ഇന്ത്യന്‍ സമയം വൈകിട്ട് എഴു മണിയോടെയാണ് (കെനിയന്‍ സമയം വൈകിട്ട് 4.30ന്) വിനോദ സഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍പെട്ടത്. ഖത്തറില്‍ നിന്നും വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു ഇവർ. നെയ്റോബിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ നെഹ്റൂറുവിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബസ് താഴ്ചയിലേയ്ക്ക് കീഴ്മേല്‍ മറിയുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!