
അടിമാലി: കുറത്തിക്കുടിയില്‍ നിന്നും ആനക്കൊമ്പുകളുമായി വയോധികനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ കൂടി പിടിയിലായി. എളംബ്ലാശ്ശേരി സ്വദേശികളായ ഉണ്ണിയെന്ന് വിളിക്കുന്ന സതീഷ്, ബാലന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആവറുകുട്ടി ഭാഗത്ത് വനമേഖലയില്‍ നിന്നും ആനയുടെ അവശിഷ്ടങ്ങളും കണ്ടെത്തി.
കുറത്തിക്കുടി സ്വദേശി പുരുഷോത്തമനെ ഇക്കഴിഞ്ഞ 8ന് വനപാലകര്‍ അറസ്റ്റ് ചെയ്തിരുന്നു. അന്ന് പുരുഷോത്തമനില്‍ നിന്നും കണ്ടെടുത്ത ആനക്കൊമ്പ് ആവറുകുട്ടി ഭാഗത്തെ വനത്തില്‍ നിന്നം ശേഖരിച്ചത് ബാലനാണ്. ഇത് വില്‍പ്പന നടത്തുന്നതിനായി ഉണ്ണിയേയും പുരുഷോത്തമനേയും ബാലന്‍ ഒപ്പം കൂട്ടുകയായിരുന്നുവെന്നാണ് വനപാലകര്‍ നല്‍കുന്ന വിവരം. സംഭവ ശേഷം ഉണ്ണിയും ബാലനും ഒളിവില്‍ പോകുകയായിരുന്നു.

ഇരുവരും ഇളംബ്ലാശ്ശേരിയിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അടിമാലി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിച്ചുവരുന്നതായി അധികൃതര്‍ പറഞ്ഞു. പിടിച്ചെടുത്ത ആനക്കൊമ്പുകള്‍ക്ക് ഒന്‍പത് കിലോയോളം തൂക്കം വരുന്നതാണ്. ഈ കൊമ്പുകള്‍ വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ആദ്യ പ്രതി പിടിയിലായത്.