കല്ലാര്‍ വട്ടിയാര്‍ സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ വിദ്യാകിരണം പദ്ധതിയില്‍ നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം 26 ന്

മാങ്കുളം: കല്ലാര്‍ വട്ടിയാര്‍ സര്‍ക്കാര്‍ ഹൈസ്‌ക്കൂളിനായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച്ച നടക്കും. സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാകിരണം മിഷന്‍ പദ്ധതിയുടെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് 2021- 22ലെ പ്ലാന്‍ ഫണ്ടില്‍ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് സ്‌കൂള്‍ കെട്ടിടം പണി കഴിപ്പിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച്ച വൈകിട്ട് 4.30 ന് ഓണ്‍ലൈനായി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍ കുട്ടിയും ഓണ്‍ലൈനായി പരിപാടിയില്‍ സംബന്ധിക്കും. പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ് കുമാര്‍ സ്‌കൂളില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കും. അഡ്വ. എ രാജ എം എല്‍ എ ശിലാഫലകം അനാച്ഛാദനം ചെയ്യും.അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍ നവീകരിച്ച ക്ലാസ് മുറിയുടെ ഉദ്ഘാടനം നടത്തും. ജില്ലാ പഞ്ചായത്തംഗം ഭവ്യ കണ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്തംഗങ്ങള്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മിനി തോമസ് പി ടി, പി ടി എ പ്രസിഡന്റ് ബിജോ തോമസ് തുടങ്ങിയവര്‍ സംസാരിക്കും.

1956ല്‍ ആരംഭിച്ച വട്ടിയാര്‍ സ്‌കൂള്‍ 1961 ല്‍ എല്‍ പി സ്‌കൂളായും 1979 ല്‍ യു പി സ്‌ക്കൂളായും 2013 ല്‍ ഹൈസ്‌കൂളായും ഉയര്‍ത്തി. 188 കുട്ടികള്‍ പഠനം നടത്തുന്ന സ്‌കൂളില്‍ മുപ്പതോളം കുട്ടികള്‍ വിവിധ ആദിവാസി ഇടങ്ങളില്‍ നിന്നുള്ളവരാണ്. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വര്‍ധനവ് ലക്ഷ്യമിട്ടാണ് പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാക്കിയിട്ടുള്ളത്.