തണുപ്പ് കാലം എത്തി സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചു: പ്രതീക്ഷയോടെ ഈറ്റ നെയ്ത്ത് തൊഴിലാളികൾ

അടിമാലി : തണുപ്പുകാലം ആരംഭിച്ചതോടെ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അടിമാലി മച്ചിപ്ലാവ് മേഖലയില്‍ ഈറ്റ നെയ്ത്ത് തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുടുംബങ്ങള്‍ക്കും സഞ്ചാരികളുടെ ഈ തിരക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടില്‍ നിന്നെത്തിയ പരമ്പരാഗത ഈറ്റ നെയ്ത്ത് തൊഴിലാളികളാണിവര്‍. അക്കാലത്ത് നൂറിലധികം കുടുംബങ്ങള്‍ ഇവിടുണ്ടായിരുന്നു. ഇന്ന് കുറച്ച് പേര്‍ മാത്രമാണ് ഈറ്റ നെയ്ത്ത് തൊഴിലുമായി ഇവിടെ അവശേഷിക്കുന്നത്. മഴക്കാലമാരംഭിച്ചതു മുതല്‍ കച്ചവടം കുറഞ്ഞതോടെ കുടുംബങ്ങള്‍ പ്രതിസന്ധിയിലാണ്. കുട്ടയും മുറവും മുതല്‍ വിവിധ അലങ്കാര വസ്തുക്കള്‍ വരെ ഇവര്‍ ഈറ്റയില്‍ മനോഹരമായി നെയ്‌തെടുക്കും. സഞ്ചാരികള്‍ കൂടുതലായി എത്തുന്നതോടെ മെച്ചപ്പെട്ട കച്ചവടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബങ്ങള്‍.
മുപ്പത്തഞ്ച് വര്‍ഷത്തോളമായി ഈ കുടുംബങ്ങള്‍ മച്ചിപ്ലാവിലെത്തിയിട്ട്. വില്‍പ്പനക്കുറവിനപ്പുറം ഇവര്‍ ചില പ്രതിസന്ധികളും നേരിടുന്നു. പരമ്പരാഗത ഈറ്റ നെയ്ത്ത് തൊഴിലാളികള്‍ക്ക് സര്‍ക്കാരുകളില്‍ നിന്നും വേണ്ട പരിഗണനയും പിന്തുണയും ലഭിക്കുന്നില്ലെന്ന പരാതിയാണ് ഒന്നാമത്തേത്. ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുവാന്‍ വേണ്ടുന്ന ഈറ്റയുടെ ലഭ്യത കുറവ് മറ്റൊരു പ്രതിസന്ധിയാണ് . ഇപ്പോൾ പുറമെ നിന്ന് ഈറ്റ വില നല്‍കി വാങ്ങിയാണ് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്. പ്രതിസന്ധികളെ മറികടന്നും നെയ്‌ത്തെടുക്കുന്ന ഉത്പന്നങ്ങള്‍ ഈ തൊഴിലാളികള്‍ വില്‍പ്പനക്കായി അയല്‍ ജില്ലകളില്‍ എത്തിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ വില്‍പ്പന വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും ഉള്ളത്.