മാങ്കുളം പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിലെ പവലിയൻ; വനംവകുപ്പിൻ്റെ ഇടപെടൽ, പ്രതിഷേധവുമായി ജനപ്രതിനിധികളും നാട്ടുകാരും

മാങ്കുളം: മാങ്കുളം ഗ്രാമപഞ്ചായത്തിലെ പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിന് സമീപം ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിർമ്മിച്ച് മാങ്കുളം ഗ്രാമപഞ്ചായത്തിന് വിട്ടു നൽകിയ പവലിയനിൽ വനംവകുപ്പ് നിയമ വിരുദ്ധ ഇടപെടൽ നടത്തുന്നുവെന്ന പരാതിയുമായി ഗ്രാമപഞ്ചായത്ത് പ്രതിനിധികളും പ്രദേശവാസികളും രംഗത്ത്.
കുട്ടമ്പുഴ ഫോറസ്റ്റ് റെയിഞ്ചോഫീസറുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് പവലിയനിൽ പ്രവേശിച്ചത്. പവലിയൻ സംബന്ധിച്ച് വനം വകുപ്പ് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ മുമ്പോട്ട് വയ്ക്കുന്നുവെന്നാണ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ആക്ഷേപം. ഇതോടെ പ്രദേശത്ത് പ്രതിഷേധം രൂപം കൊണ്ടു. ഗ്രാമപഞ്ചായത്ത് അംഗങ്ങളും പ്രദേശവാസികളും പ്രതിഷേധവുമായി പവലിയനിലേക്ക് എത്തി.

വനം വകുപ്പുദ്യോഗസ്ഥർ പവലിയനിൽ കടന്ന് പ്രകോപനം സൃഷ്ടിക്കുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. ഉയർന്ന വനംവകുപ്പുദ്യോഗസ്ഥരെത്താതെ പവലിയനിൽ എത്തിയ ഉദ്യോഗസ്ഥരെ മടങ്ങാൻ അനുവദിക്കില്ലെന്നാണ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നിലപാട്. 2021ൽ ആയിരുന്നു പെരുമ്പൻകുത്ത് വെള്ളച്ചാട്ടം കാണുന്നതിനായി പവലിയൻ തുറന്ന് നൽകിയത്. പ്രവേശന ഫീസീടാക്കിയാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. ഇതിനിടയിലാണ് വനം വകുപ്പിൻ്റെ ഇടപെടൽ ഉണ്ടായിട്ടുള്ളത്.