Latest NewsNational

ദക്ഷിണാഫ്രിക്കയെ 7 വിക്കറ്റിന് വീഴ്ത്തി; ടെസ്റ്റ് ചരിത്രത്തിലെ അതിവേഗ ജയവുമായി ഇന്ത്യ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയം. രണ്ടാം ദിവസത്തിലെ രണ്ടാം സെഷനില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. മുഹമ്മദ് സിറാജിന്റെയും ജസ്പ്രീത് ബുംറയുടെയും ആറ് വിക്കറ്റ് നേട്ടമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.

ദക്ഷിണാഫ്രിക്ക ഉയർത്തിയ 79 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് 13 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയെത്തി. ജയത്തോടെ പരമ്പര 1–1ന് സമനിലയിലായി.ഈ മത്സരത്തിലെ ജയത്തോടെ ധോണിക്ക് ശേഷം ദക്ഷിണാഫ്രിക്കയില്‍ ഒരു ടെസ്റ്റ് പരമ്പര സമനിലയിലാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നേട്ടത്തിലേക്ക് രോഹിത് ശര്‍മയുമെത്തി. കേപ്ടൗണില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയമാണിത്. കേപ്ടൗണില്‍ ടെസ്റ്റ് മത്സരം ജയിക്കുന്ന ഏഷ്യയിലെ ആദ്യത്തെ ക്യാപ്റ്റന്‍ കൂടിയാണ് രോഹിത്.

ADVERTISEMENT

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ ഓവറുകളില്‍ പൂര്‍ത്തിയായ മത്സരമെന്ന നാണക്കേടും കേപ്ടൗണ്‍ ടെസ്റ്റിന്റെ പേരിലായി. രണ്ട് ദിവസത്തിനുള്ളില്‍ അഞ്ച് സെഷനുകള്‍ക്കുള്ളില്‍ 107 ഓവറുകളിലാണ് മത്സരം പൂര്‍ത്തിയായത്. കൃത്യമായി പറഞ്ഞാല്‍ 642 പന്തുകളാണ് മത്സരത്തിലുടനീളം എറിഞ്ഞത്. 1932-ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസ്ട്രേലിയ നേടിയ വിജയമായിരുന്നു ഏറ്റവും വേഗത്തില്‍ ഫലം കണ്ട ടെസ്റ്റ് മത്സരമായി കണക്കാക്കിയിരുന്നത്. 652 പന്തുകളായിരുന്നു ആ മത്സരത്തില്‍ എറിഞ്ഞത്.

അതേസമയം രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയായ 25-ാം ടെസ്റ്റ് മത്സരമാണിത്. കഴിഞ്ഞ വര്‍ഷം ഗാബയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസ്ട്രേലിയ വിജയിച്ചതിന് ശേഷമുള്ള ആദ്യ മത്സരവുമാണിത്. ഈ മത്സരത്തിന്റെ ആദ്യ ദിനത്തില്‍ 23 വിക്കറ്റുകളാണ് നിലംപൊത്തിയത്. ഇതും ടെസ്റ്റ് ക്രിക്കറ്റിലെ മറ്റൊരു റെക്കോഡാണ്. ഒരു ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീണ രണ്ടാമത്തെ മത്സരമാണിത്. കൂടുതല്‍ വിക്കറ്റ് നഷ്ടമായ റെക്കോഡിന് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട്. 1902 ല്‍ നടന്ന ഓസ്ട്രേലിയ-ഇംഗ്ലണ്ട് മത്സരത്തിന്റെ ആദ്യ ദിനം നഷ്ടമായത് 25 വിക്കറ്റുകളായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!