മാങ്കുളത്ത് ജനവാസമേഖലയില്‍ കണ്ടത് ചെങ്കീരിയെയെന്ന് വനംവകുപ്പ്
ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ചെങ്കീരിയാണ് ജനവാസ മേഖലയില്‍ എത്തിയതെന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞു

മാങ്കുളം: മാങ്കുളത്ത് ജനവാസ മേഖലയില്‍ കണ്ടത് കരടിയെയല്ലെന്ന് വനംവകുപ്പ്. ചെങ്കീരിയാണ് കൃഷിയിടത്തില്‍ എത്തിയതെന്നാണ് വനംവകുപ്പ് നല്കുന്ന വിശദീകരണം. ശനിയാഴ്ച്ച വൈകിട്ടായിരുന്നു മാങ്കുളം ടൗണിന് സമീപം ജനവാസ മേഖലയില്‍ കരടി ഇറങ്ങിയതായി പ്രദേശവാസികള്‍ ആശങ്ക പങ്ക് വച്ചത്. മാങ്കുളം പട്ടക്കട സിറ്റിക്ക് സമീപം മേനാതുണ്ടത്തില്‍ അനീഷിന്റെ വീടിന് തൊട്ടരികിലാണ് കരടിയുടേതിന് സമാനമായ മുഖസാദൃശ്യമുള്ള ജീവിയെത്തിയത്. എന്നാല്‍ കൃഷിയിടത്തില്‍ എത്തിയ ജീവി കരടിയല്ലെന്നാണ് വനംവകുപ്പ് നല്കുന്ന വിവരം.
കൃഷിയിടത്തില്‍ എത്തിയ ജീവിയുടെ ചിത്രങ്ങളും മറ്റും പരിശോധിച്ചതിലൂടെയും ജീവിയെത്തിയതായി പറയപ്പെടുന്ന പ്രദേശത്ത് നിന്ന് ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ചെങ്കീരിയാണ് ജനവാസ മേഖലയില്‍ എത്തിയതെന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞു.

ചെങ്കീരി മനുഷ്യരെ ആക്രമിക്കാറില്ലെന്നും ആശങ്ക വേണ്ടെന്നും വനംവകുപ്പുദ്യോഗസ്ഥര്‍ വ്യക്തമാക്കി. കരടിയുടെ മുഖം കുറച്ച് കൂടി രോമാവൃതമായിരിക്കുമെന്നും കൃഷിയിടത്തില്‍ എത്തിയ ജീവിയുടെ വലിപ്പത്തിന്റെ കാര്യത്തിലും കരടിയുമായി സാമ്യം പുലര്‍ത്തുന്നതല്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.