
അടിമാലി: മാങ്കുളം വിരിപാറയില്‍ മുമ്പ് പ്രവര്‍ത്തിച്ച് വന്നിരുന്ന ഏകാധ്യാപക സ്കൂളിന്റെ കെട്ടിടം കാട് കയറി നശിക്കുന്നു. കല്ലാര്‍ മാങ്കുളം റോഡിനോരത്ത് വിരിപാറയിലായിരുന്നു ഏകാധ്യാപക വിദ്യാലയം പ്രവര്‍ത്തിച്ച് വന്നിരുന്നത്. ഏകാധ്യാപക സ്കൂളുകളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ അവസാനിപ്പിച്ചതോടെ ഈ സ്കൂള്‍ കെട്ടിടവും അനാഥമായി. ആളൊഴിഞ്ഞ മാസങ്ങള്‍ പിന്നിട്ടതോടെ കെട്ടിടം കാട് കയറി മൂടുന്ന സ്ഥിതിയായി. ശുചിമുറികളും വൈദ്യുതി കണക്ഷനുമൊക്കെ കെട്ടിടത്തിന്റെ ഭാഗമായുണ്ട്. പൊതുപണം ചിലവഴിച്ച് നിര്‍മ്മിച്ച കെട്ടിടം കാട് കയറി നശിക്കാന്‍ അനുവദിക്കരുതെന്നും ആളുകള്‍ക്ക് പ്രയോജനപ്രദമാകും വിധം കെട്ടിടം മറ്റെന്തെങ്കിലും പദ്ധതികള്‍ക്കായി വിനിയോഗിക്കണമെന്നുമാണ് ആവശ്യം.

കെട്ടിടത്തിന്റെ മുറ്റമാകെ കാട് കയറി മൂടിക്കഴിഞ്ഞു.പരിപാലനമില്ലാതെ കിടന്നാല്‍ വാതിലടക്കമുള്ള തടി ഉരുപ്പടികള്‍ ചിതലരിച്ച് നശിക്കും. ശുചിമുറികളും ഉപയോഗശൂന്യമാകും. കെട്ടിടത്തിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.കാലക്രമേണ നാശത്തിന്റെ വക്കിലെത്തിയാല്‍ ഇഴജന്തുക്കളുടെയും സാമൂഹ്യവിരുദ്ധരുടെയുമൊക്കെ താവളമായി കെട്ടിടം മാറാം. ഇത്തരം സാഹചര്യങ്ങള്‍ക്ക് ഇടനല്‍കാതെ കെട്ടിടം മറ്റേതെങ്കിലും ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തണമെന്നാണ് ആവശ്യം.