
അടിമാലി: തമിഴ്‌നാട് പോലീസില്‍ നിന്നും എസ് ഐയായി വിരമിച്ച ഉദ്യോഗസ്ഥനെ വീടിന് മുന്നില്‍ വച്ച് വെട്ടി കൊലപ്പെടുത്തി. മറയൂര്‍ കോട്ടക്കുളം സ്വദേശി ലക്ഷ്മണനാണ് മരിച്ചത്. സംഭവ സ്ഥലത്ത് വച്ച് തന്നെ ലക്ഷമണന്‍ മരണപ്പെട്ടു. പോലീസില്‍ നിന്നും വിരമിച്ച ശേഷം മറയൂര്‍ കോട്ടക്കുളത്ത് ലക്ഷമണന്‍ വീടുവച്ച് കുടുംബമായി താമസിച്ചു വരികയായിരുന്നു.
ലക്ഷ്മണന്റെ സഹോദരിയുടെ മകന്‍ അരുണെന്ന് വിളിക്കുന്ന ശിവയാണ് കൃത്യം നടത്തിയത്. സംഭവ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. ഇയാളെ പിന്നീട് പോലീസ് കാന്തല്ലൂര്‍ കാരയൂരില്‍ നിന്നും പിടികൂടി. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം നടന്നത്. പ്രതി കാന്തല്ലൂര്‍ ഗുഹനാഥപുരത്താണ് താമസിച്ചു വരുന്നത്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ ലക്ഷമണന്റെ കൈയ്യില്‍ നിന്ന് താഴെ വീണ് ചില്ല് തകര്‍ന്നിരുന്നു. പുതിയ ഫോണ്‍ ചൊവ്വാഴ്ച്ച വാങ്ങി നല്‍കാമെന്ന് ലക്ഷമണന്‍ പറയുകയും ചെയ്തു. എന്നാല്‍ ഇന്നലെ വൈകിട്ട് മദ്യപിച്ച് കോട്ടക്കുളത്തെ വീട്ടിലെത്തിയ പ്രതി ലക്ഷ്മണനോട് ഫോണ്‍ ആവശ്യപ്പെട്ട് വഴക്കുണ്ടാക്കി. പ്രകോപിതനായി ലക്ഷ്മണനെ വെട്ടി വീഴ്ത്തി. ബഹളം കേട്ടെത്തിയ കുടുംബാംഗങ്ങള്‍ കണ്ടത് വെട്ടേറ്റ നിലയില്‍ വീടിന് മുന്നിലുള്ള റോഡില്‍ കിടക്കുന്ന ലക്ഷ്മണനെയാണ്.

ഉടന്‍ സമീപവാസികളുടെ സഹായത്തോടെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. ലക്ഷമണന്റെ ഭാര്യ ആറ് മാസങ്ങള്‍ക്ക് മുമ്പ് അസുഖ ബാധിതയായി മരിച്ചിരുന്നു. മറയൂര്‍ പോലീസ് സംഭവത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു.