
അടിമാലി: അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ ഗോത്ര സംസ്‌ക്കാര പ്രദര്‍ശനം നടന്നു. സ്‌കൂളിലെ ഫോക്‌ലോര്‍ ക്ലബ്ബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു പരിപാടി ഒരുക്കിയത്. അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിന് കേരള ഫോക്‌ലോര്‍ അക്കാദമിയുടെ അഫിലിയേഷന്‍ ലഭിച്ചിരുന്നു.
ജില്ലയില്‍ ഇത്തരത്തില്‍ അഫിലിയേഷന്‍ ലഭിക്കുന്ന ആദ്യ വിദ്യാലയമാണ് അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍. പ്രാദേശിക സാംസ്‌ക്കാരിക മൂല്യങ്ങളെ സംരക്ഷിക്കുക, പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളില്‍ ഫോക് ലോര്‍ ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളത്. ഇതുവഴി കുട്ടികളുടെ അറിവും ഗവേഷണ അഭിരുചിയും വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം.ഇതിന്റെ ഭാഗമായിട്ടായിരുന്നു ഗോത്ര സംസ്‌ക്കാര പ്രദര്‍ശനം നടന്നത്.

പരിപാടിയുടെ ഭാഗമായി തെയ്യവും ആദിവാസി കലാരൂപവും അരങ്ങേറി.കല്ലാര്‍ ചമയം കലാസമിതിയാണ് തെയ്യം ഒരുക്കിയത്.ചിന്നപ്പാറക്കുടി ആട്ട്പാട്ട് കലാസമിതിയായിരുന്നു ആദിവാസി കലാരൂപം അവതരിപ്പിച്ചത്.ഗോത്ര സംസ്‌ക്കാര പ്രദര്‍ശനം കുട്ടികള്‍ക്കും നവ്യാനുഭവമായി.