വിദ്യാവാഹിനി പദ്ധതിക്ക് പിന്നെയും പ്രതിസന്ധി; മുടങ്ങി കിടക്കുന്ന തുക ലഭ്യമാക്കണമെന്ന് വാഹന ഉടമകള്‍

മാങ്കുളം: ആദിവാസി ഇടങ്ങളില്‍ നിന്നുള്ള കുട്ടികളെ വിദ്യാലയങ്ങളില്‍ എത്തിക്കുന്ന വിദ്യാവാഹിനി പദ്ധതിയുടെ ഭാഗമായ ജീപ്പുടമകള്‍ പ്രതിസന്ധിയില്‍. കഴിഞ്ഞ ഏതാനും മാസങ്ങളായി നടത്തി വരുന്ന സര്‍വ്വീസിന് ലഭിക്കേണ്ടുന്ന തുക മുടങ്ങി കിടക്കുന്നതാണ് ജീപ്പുടമകളെ വലക്കുന്നത്. കഴിഞ്ഞ സെപ്തംബറിലാണ് ഒടുവില്‍ പണം ലഭിച്ചതെന്നും പിന്നീടിതുവരെ തുക ലഭിച്ചിട്ടില്ലെന്നും ജീപ്പുടമകള്‍ പറയുന്നു.
തുക ലഭിക്കാതായതോടെ ഇവരുടെ ജീവിതം പ്രതിസന്ധിയിലായി. വാഹനത്തിന്റെ അറ്റകുറ്റപ്പണി, സി സി അടവ് ഇവക്കൊന്നുമുള്ള പണം കൈവശമില്ല. നിത്യചിലവ് കഴിഞ്ഞ പോകുന്നതും വലിഞ്ഞ് മുറുകിയെന്ന് ജീപ്പുടമകള്‍ പറഞ്ഞു. തുക ലഭിക്കാതെ ഇനി മുമ്പോട്ട് പോകാനാവില്ലെന്നാണ് ജീപ്പുടമകളുടെ നിലപാട്. ഇന്ധനം നിറക്കാനുള്ള തുക പോലുമില്ലാതായതോടെ സര്‍വ്വീസ് നിര്‍ത്തി വയ്ക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും ജീപ്പുടമകള്‍ മുന്നറിയിപ്പ് നല്‍കുന്നു. പലരും വായ്പ വാങ്ങിയും മറ്റുമാണ് ഇന്ധനം നിറക്കാനുള്ള തുക കണ്ടെത്തുന്നത്.
മാങ്കുളവും അടിമാലിയുമടക്കം ജില്ലയിലെ വിവിധയിടങ്ങളില്‍ വിദ്യാവാഹിനി പദ്ധതിയെ ആശ്രയിച്ച് കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നുണ്ട്. പദ്ധതി താളം തെറ്റിയാല്‍ ഈ കുട്ടികളുടെ യാത്ര പ്രതിസന്ധിയിലാകും. പല ആദിവാസി ഇടങ്ങളില്‍ നിന്നും കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ എത്തണമെങ്കില്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കണം. പലതും ദുര്‍ഘട പാതയാണ്. വാഹനങ്ങള്‍ ഇല്ലാതായല്‍ കാല്‍നടയായി വിദ്യാര്‍ത്ഥികള്‍ സഞ്ചരിക്കേണ്ടി വരും. ഇത് പ്രായോഗികമല്ല. മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ടി വന്നാല്‍ വലിയ തുക മുടക്കേണ്ടി വരും. ദുര്‍ഘടമായ ഇടങ്ങളിലേക്ക് വാഹനമെത്തുകയെന്നതും പലപ്പോഴും അപ്രായോഗികമായ കാര്യമാണ്. മാസങ്ങള്‍ക്ക് മുമ്പും സമാനമായ പ്രതിസന്ധി ഉടലെടുത്തിരുന്നു. തുക ലഭിക്കുന്നത് വൈകിയതോടെ അന്ന് ചില വാഹന ഉടമകള്‍ സര്‍വ്വീസ് നിര്‍ത്തുകയും കുട്ടികളുടെ പഠനം പ്രതിസന്ധിയിലാവുകയും ചെയ്തിരുന്നു. പിന്നീട് തുക അനുവദിക്കപ്പെട്ടു. ഇതിന് ശേഷം മാസങ്ങള്‍ പിന്നിട്ടതോടെയാണിപ്പോള്‍ കാര്യങ്ങള്‍ വീണ്ടും പഴയ പടിയിലേക്ക് എത്തിയിട്ടുള്ളത്.

വാഹനത്തെ ആശ്രയിച്ച് വരുമാനം കണ്ടെത്തുന്ന തങ്ങള്‍ക്ക് തുക വൈകുന്നത് മൂലം വലിയ സാമ്പത്തിക ഞെരുക്കം ഉണ്ടാകുന്നുവെന്നും തുക ലഭ്യമാക്കാനുള്ള ഇടപെടല്‍ വേഗത്തിലുണ്ടാകണമെന്നാണ് വാഹന ഉടമകളുടെ ആവശ്യം.