മൂന്നാര്‍ രാജീവ് ഗാന്ധി കോളനിയിലും എം ജി കോളനിയിലും കുടിവെള്ള ക്ഷാമം രൂക്ഷം

അടിമാലി: വേനല്‍ക്കാലമാരംഭിച്ചതോടെ മൂന്നാര്‍ രാജീവ് ഗാന്ധി കോളനിയിലും എം ജി കോളനിയിലും കുടിവെള്ള ക്ഷാമം രൂക്ഷം.നിരവധിയായ കുടുംബങ്ങള്‍ താമസിച്ച് വരുന്ന പ്രദേശമാണ് മൂന്നാര്‍ രാജീവ് ഗാന്ധി കോളനിയും എം ജി കോളനിയും.
വേനല്‍ക്കാലമാരംഭിച്ചതോടെ പ്രദേശത്ത് കുടിവെള്ള ക്ഷാമവും രൂപം കൊണ്ട് കഴിഞ്ഞു. ഒരാഴ്ച്ചയോളമായി കുടിവെള്ളമില്ലാതെ തങ്ങള്‍ ദുരിതമനുഭവിക്കുന്നതായി കുടുംബങ്ങള്‍ പറയുന്നു. പെരിയവര പുതുക്കാട് ഭാഗത്ത് തടയണ കെട്ടിയാണ് കോളനിയിലേക്ക് വെള്ളമെത്തിക്കുന്നത്. എന്നാല്‍ ഇവിടെ നിന്നും ചിലര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി പൈപ്പ് സ്ഥാപിച്ച് വെള്ളം കൊണ്ടു പോകുന്നതാണ് പ്രശ്നത്തിന് കാരണമെന്നും ആക്ഷേപമുയരുന്നു.

വേനല്‍ കനക്കുന്നതോടെ പ്രതിസന്ധി വര്‍ധിക്കുമോയെന്ന ആശങ്ക കുടുംബങ്ങള്‍ക്കുണ്ട്. സാധാരണക്കാരായ ആളുകളാണ് ഇരു കോളനികളിലും താമസിച്ച് വരുന്നത്. പ്രദേശത്തെ കുടിവെള്ളപ്രശ്നം പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് ആവശ്യം.