
അടിമാലി: ദേവികുളം ജനമൈത്രി എക്സൈസ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ മെഗാ എഡ്യൂ ഫെയര്‍ സംഘടിപ്പിച്ചു. ഗോത്രമേഖലകളിലെ ആളുകളിലേക്ക് ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ദേവികുളം ജനമൈത്രി എക്സൈസ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ നടന്ന് വരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് അടിമാലിയിലും മെഗാ എഡ്യൂക്കേഷന്‍ ഫെയര്‍ സംഘടിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, സാധ്യതകള്‍, വഴികള്‍ ഇവ സംബന്ധിച്ച് കുട്ടികളിലും രക്ഷിതാക്കളിലും അവബോധം സൃഷ്ടിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. എം പി അഡ്വ. ഡീന്‍ കുര്യാക്കോസ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ അധ്യക്ഷത വഹിച്ചു. കോവില്‍മല രാജാവ് രാമന് രാജമന്നാന് ചടങ്ങില്‍ വിശിഷ്ട അതിഥിയായി. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന് ചെല്ലപ്പന് സംസാരിച്ചു. ഗോത്രമേഖലയില്‍ നിന്നും ഉന്നത വിജയം കൈവരിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍, സ്കൂള്‍ ശാസ്ത്ര, കലാ, കായിക മേളകളില്‍ പങ്കെടുത്ത് ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ എന്നിവരേയും എഡ്യൂ ഫെയറില്‍ ആദരിച്ചു. പരിപാടിയിലൂടെ ഗോത്ര സമൂഹത്തിനിടയില്‍ ലഹരിക്കെതിരായ അവബോധം സൃഷ്ടിക്കുകയെന്നതും ജനമൈത്രി എക്സൈസ് ലക്ഷ്യമിടുന്നുണ്ട്. സാങ്കേതിക വിദ്യാഭ്യാസം, എന്‍ജിനീയറിങ്, മെഡിക്കല്‍ പഠനം തുടങ്ങി ഉന്നത വിദ്യാഭ്യാസ രംഗത്തെ സാധ്യകള്‍ സംബന്ധിച്ച് പ്രഗത്ഭര്‍ ക്ലാസ് നയിച്ചു.

ചടങ്ങില്‍ അടിമാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, ഗ്രാമപഞ്ചായത്തംഗങ്ങള്‍, ജോണ്‍സി ഐസക്ക്, വിനു സ്കറിയ, ദേവികുളം ജനമൈത്രി എക്സൈസ് സര്‍ക്കിള്‍ പി എം മുഹമ്മദ് റിയാസ്, ആര് ജയചന്ദ്രന്, അശോക് കുമാര്‍, പി എച്ച് ഉമ്മര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.