
മൂന്നാര്‍: മൂന്നാറില്‍ വീണ്ടും റോഡിലിറങ്ങി കാട്ടുകൊമ്പന്‍ പടയപ്പ.ഇന്ന് പുലര്‍ച്ചെ മൂന്നാര്‍ ഉദുമല്‍പ്പേട്ട അന്തര്‍ സംസ്ഥാന പാതയിലിറങ്ങിയ പടയപ്പ റോഡില്‍ ഗതാഗത തടസ്സം തീര്‍ത്തു. നയമക്കാട്ട് മേഖലയിലായിരുന്നു പടയപ്പയെത്തിയത്. കാട്ടാന റോഡിലിറങ്ങിയതോടെ സിമന്റ് കയറ്റി വന്ന ലോറി ഒരു മണിക്കൂറോളം വഴിയില്‍ അകപ്പെട്ടു.
പിന്നീട് ആളുകള്‍ ബഹളമുണ്ടാക്കിയതോടെ കാട്ടാന പിന്‍മാറി. കഴിഞ്ഞ ഒരു മാസക്കാലമായി ഗുണ്ടുമല, തെന്മല ഭാഗങ്ങളിലായിരുന്നു പടയപ്പ ചുറ്റിത്തിരിഞ്ഞിരുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് വിനോദ സഞ്ചാര മേഖലയായ എക്കോ പോയിന്റില്‍ എത്തിയ പടയപ്പ റോഡില്‍ നിലയുറപ്പിച്ച് ഗതാഗത തടസ്സം തീര്‍ത്തിരുന്നു. വേനല്‍ക്കനക്കുന്നതോടെ പടയപ്പ ജനവാസ മേഖലയില്‍ സ്ഥിര സാന്നിധ്യമാകുമോയെന്ന ആശങ്ക ആളുകള്‍ക്കുണ്ട്.