പരാതിയുമായി സ്റ്റേഷനിൽ എത്തിയ വർഷോപ്പ് ഉടമയെ അടിമാലി സിഐ മർദ്ദിച്ചതായി പരാതി : പ്രതിഷേധം കനക്കുന്നു

അടിമാലി: പരാതി നൽകാൻ പോലീസ് സ്റ്റേഷനിൽ എത്തിയ വർഷോപ്പ് ഉടമയെ അടിമാലി സിഐ മർദ്ദിച്ചതായി പരാതി. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. ഇതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വർക്ക് ഷോപ്പ് അസോസിയേഷൻ യൂണിയൻ പ്രസിഡണ്ട് അനിൽ പി.ആറിനെയാണ് അടിമാലി സിഐ ലൈജുമോൻ സ്റ്റേഷനിൽ വച്ച് മർദ്ദിച്ചത്. പെരിഞ്ചാംകുട്ടിയിലുള്ള അനിലിൻ്റെ ബന്ധു അടിമാലി ആശുപത്രിയിലേക്ക് പോകും വഴി കല്ലാർകുട്ടിയിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയതാണ് അനിലും ബന്ധുക്കളും. സ്റ്റേഷനിൽ വെച്ച് പ്രശ്നം പറഞ്ഞ് പരിഹരിക്കുന്നതിനിടെ പുറത്തു നിന്നു വന്ന സിഐ യാതൊരു പ്രകോപനവും കുടാതെ മർദ്ദിക്കുകയായിരുന്നുവെന്നാണ് അനിലിന്റെ പരാതി.
മറ്റ് ആളുകളുടെ മുന്നിൽ വെച്ച് രണ്ട് കവിളിലും മാറി അടിക്കുകയും മുറിയിലെത്തിച്ച ശേഷം വീണ്ടും മർദ്ദിക്കുകയും ചെയ്തു എന്നാണ് അനിൽ പറയുന്നത്. തന്നെ അകാരണമായി മർദ്ദിച്ചു എന്ന് ജില്ലാ പൊലീസ് മേധാവി, ഡി.വൈ എസ് പി എന്നിവർക്ക് പരാതി നൽകി. എന്നാൽ താൻ ആരെയും മർദ്ദിച്ചിട്ടില്ലെന്നും സംഭവം ചോദിച്ച് മനസ്സിലാക്കുകയും ആണ് ചെയ്തതെന്ന് അടിമാലി സി ഐ പ്രതികരിച്ചു.
സംഭവത്തിൽ അടിമാലി വർഷോപ്പ് അസോസിയേഷന്റെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിക്ഷേധ സൂചകമായി മേഖലയിലെ വർക് ഷോപ്പുകളിൽ പൊലീസ് വാഹനങ്ങളുടെ അറ്റകുറ്റപണികൾ താൽക്കാലികമായി നിർത്തിവെക്കാൻ സംഘടന തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി സജീവ് മാധവൻ അറിയിച്ചു. സംഭവത്തിൽ ഇടുക്കി ഡി വൈഎസ് പി അടിമാലി സ്റ്റേഷനിൽ എത്തി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അറിയിച്ചു. മർദ്ദനമേറ്റ അനിൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.



