മൂന്നാറിലെ കാട്ടാന ആക്രമണം; പ്രതിഷേധം ശക്തം, ഹര്‍ത്താല്‍ പുരോഗമിക്കുന്നു

അടിമാലി: മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു രണ്ട് പേര്‍ക്ക്് പരിക്കേറ്റു.ഓട്ടോറിക്ഷാ ഡ്രൈവറായ മണിയാണ് മരിച്ചത്. മൂന്നാറില്‍ നിന്നും കന്നിമല ടോപ്പ് ഡിവിഷനിലേക്ക് ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു ആനയുടെ ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം.
എസ്റ്റേറ്റ് മാനേജര്‍ ബംഗ്ലാവിന് സമീപം നിലയുറപ്പിച്ചിരുന്ന കാട്ടാന ഓട്ടോറിക്ഷയുടെ ശബ്ദം കേട്ട് പാഞ്ഞടുക്കുകയും ആക്രമിക്കുകയുമായിരുന്നു. വാഹനം ഓടിച്ചിരുന്ന മണി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ തുമ്പിക്കൈ ഉപയോഗിച്ച് ആന അടിച്ചിട്ടു. ഓടയില്‍ വീണ മണിയെ വീണ്ടും ആക്രമിച്ചു. വാഹനത്തില്‍ മണിയെ കൂടാതെ കൊച്ചു കുട്ടിയുള്‍പ്പെടെ വേറെയും ആളുകളുണ്ടായിരുന്നു. ഇവര്‍ ഓട്ടോറിക്ഷയുടെ അടിയില്‍ അകപ്പെട്ടു. സംഭവ ശേഷം പ്രദേശത്ത് കൂടി എത്തിയ ജീപ്പ് ഡ്രൈവറാണ്, രക്ഷാപ്രവര്‍ത്തനം നടത്തി മണിയേയും മറ്റുള്ളവരെയും ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രില്‍ എത്തിച്ച ശേഷമാണ് മണി മരണപ്പെട്ടത്.

കാട്ടാന അക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ മുതല്‍ കെ ഡി എച്ച് വില്ലേജില്‍ എല്‍ ഡി എഫ് ഹര്‍ത്താലിന് അഹ്വാനം ചെയ്തു. വനംവകുപ്പ് ഓഫീസുകള്‍ക്ക് മുമ്പിലെ സമരങ്ങളും റോഡ് ഉപരോധവുമടക്കമുള്ള പ്രതിഷേധ പരിപാടികള്‍ക്ക് കോണ്‍ഗ്രസും ആഹ്വാനം ചെയ്തിട്ടുണ്ട്.