
മാങ്കുളം: മാങ്കുളത്ത് പ്രവര്‍ത്തിക്കുന്ന പോലീസ് ഔട്ട് പോസ്റ്റ് പോലീസ് സ്റ്റേഷനായി ഉയര്‍ത്തണമെന്നാവശ്യം. മൂന്നാര്‍ പോലീസ് സ്റ്റേഷന്റെ കീഴിലാണ് മാങ്കുളത്തെ ഔട്ട് പോസ്റ്റ് പ്രവര്‍ത്തിച്ച് വരുന്നത്. ഔട്ട് പോസ്റ്റ് മാങ്കുളത്ത് പ്രവര്‍ത്തനമാരംഭിച്ചിട്ട് പത്ത് വര്‍ഷത്തിലധികമായി. മാങ്കുളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുത്തും ദൂരപരിധികണക്കിലെടുത്തുമൊക്കെയായിരുന്നു ഔട്ട് പോസ്റ്റ് സ്ഥാപിച്ചത്. പിന്നീട് പോലീസ് സ്റ്റേഷനായി ഉയര്‍ത്തുമെന്ന വാഗ്ദാനങ്ങള്‍ അന്നുണ്ടായിരുന്നെങ്കിലും മുമ്പോട്ട് പോക്കുണ്ടായില്ല.
ഒരു സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരാണ് നിലവില്‍ ഔട്ട് പോസ്റ്റിലുള്ളത്. പരാതികള്‍ ഉണ്ടാകുമ്പോള്‍ ഔട്ട് പോസ്റ്റില്‍ പരിഹരിക്കാവുന്ന പരാതികള്‍ ഔട്ട് പോസ്റ്റില്‍ തന്നെ തീര്‍ക്കുകയും അല്ലാത്തവ മൂന്നാര്‍ സ്റ്റേഷനിലേക്ക് മാറ്റുകയുമാണ് ചെയ്യുന്നത്. വലിയ കുറ്റകൃത്യങ്ങള്‍ ഉണ്ടാകുന്ന ഘട്ടങ്ങളില്‍ മൂന്നാറില്‍ നിന്നും ഉദ്യോഗസ്ഥരെത്തേണ്ടുന്ന സ്ഥിതിയുണ്ട്. അസ്വഭാവിക മരണങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇന്‍ക്വസ്റ്റ് നടപടികളും മറ്റും നടത്തുവാനായി മൂന്നാര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ആളുകള്‍ എത്തേണ്ടി വരുന്നതും പ്രായോഗിക ബുദ്ധിമുട്ടുയര്‍ത്തുന്നു. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഔട്ട് പോസ്റ്റ് സ്റ്റേഷനാക്കി ഉയര്‍ത്തി അടിസ്ഥാന സൗകര്യമൊരുക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുള്ളത്.

മാങ്കുളം കേന്ദ്രീകരിച്ച് പുതിയ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാക്കിയാല്‍ അടിമാലി, വെള്ളത്തൂവല്‍ സ്റ്റേഷനുകളുടെ ചില ഭാഗങ്ങള്‍ കൂടി പുതിയ സ്റ്റേഷനോട് കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കും. മാങ്കുളവുമായി ചേര്‍ന്ന് കിടക്കുന്ന അടിമാലി സ്റ്റേഷന്റെ പരിധിയില്‍ വരുന്ന കുരിശുപാറ, പീച്ചാട് ഭാഗങ്ങളും വെള്ളത്തൂവല്‍ സ്റ്റേഷന്റെ പരിധിയില്‍ വരുന്ന ലക്ഷ്മിമേഖലയിലെ പ്രദേശവും ചേര്‍ത്ത് സ്റ്റേഷന്‍ പരിധി പുനക്രമീകരിക്കാമെന്ന വാദമുയരുന്നു. അടിമാലി, മൂന്നാര്‍, വെള്ളത്തൂവല്‍ സ്റ്റേഷനുകളുടെ പ്രവര്‍ത്തനവും ഇതിലൂടെ കൂടുതല്‍ കാര്യക്ഷമമാകും.