
മൂന്നാര്‍: ഇന്നലെ രാവിലെ സിമന്റ് കയറ്റി വന്ന ലോറിക്ക് നേരെ കാട്ടുകൊമ്പന്‍ പടയപ്പയുടെ പരാക്രകമത്തിന് പുറമെ വേറെയും വാഹനങ്ങള്‍ ആക്രമിച്ച് പടയപ്പ. ഇന്നലെ വൈകിട്ടായിരുന്നു സംഭവം നടന്നത്.
ഇന്നലെ രാവിലെ മൂന്നാര്‍ ഉദുമല്‍പ്പെട്ട അന്തര്‍ സംസ്ഥാന പാതയിലിറങ്ങിയ കാട്ടുകൊമ്പന്‍ പടയപ്പ സിമന്റ് കയറ്റി വന്ന ലോറി പിറകോട്ട് തള്ളി നീക്കിയിരുന്നു. ഒരു മണിക്കൂറോളം റോഡില്‍ നിലയുറപ്പിച്ചതോടെ ഗതാഗത തടസ്സവും ഉണ്ടായി. ഇതിന് ശേഷമാണ് ഇന്നലെ വൈകുന്നേരത്തോടെ വേറെയും വാഹനങ്ങള്‍ക്ക് നേരെ പടയപ്പയുടെ പരാക്രമം വീണ്ടും ഉണ്ടായത്. കന്നിമല ഭാഗത്തെത്തിയ പടയപ്പ വീണ്ടും അന്തര്‍ സംസ്ഥാന പാതയിലിറങ്ങി. കാറിന് നേരെയും ഇരുചക്ര വാഹനത്തിന് നേരെയും ആക്രമണം നടത്തി. വാഹനങ്ങളില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ മറ്റപകടങ്ങള്‍ ഒഴിവായി.

പൊതുവെ ശാന്ത സ്വഭാവക്കാരനാണ് പടയപ്പയെങ്കിലും സമീപ ദിവസങ്ങളില്‍ ആന ആക്രമണ സ്വഭാവം കാണിക്കുന്നത് ആളുകളില്‍ ആശങ്ക ജനിപ്പിച്ചിട്ടുണ്ട്.ജനവാസ മേഖലയിലൂടെ പടയപ്പ ചുറ്റിത്തിരിയുന്നതാണ് ഭയപ്പാടിന് കാരണം.കാട്ടുകൊമ്പനെ ഉള്‍വനത്തിലേക്ക് തുരത്തണമെന്നാണ് ആവശ്യം.