
മൂന്നാര്‍: ഓട്ടോറിക്ഷാ ഡ്രൈവറായ മണിയുടെ മരണത്തിന് ഇടയാക്കിയ കാട്ടാന ആക്രമണം നടന്ന മൂന്നാര്‍ കന്നിമല ടോപ്പ് ഡിവിഷനില്‍ നിന്നും കാട്ടാനകള്‍ ഒഴിയുന്നില്ല. തിങ്കളാഴ്ച്ച രാത്രിയില്‍ ഉണ്ടായ കാട്ടാന ആക്രമണത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ മണി കൊല്ലപ്പെട്ടിരുന്നു. പ്രദേശത്തിപ്പോഴും കാട്ടാനകള്‍ ചുറ്റിത്തിരിയുന്നതായാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. രണ്ടാനകളാണ് തമ്പടിച്ചിട്ടുള്ളത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യമുള്ളതായി സമീപവാസികള്‍ പറയുന്നു. പ്രദേശത്ത് ചുറ്റിത്തിരിഞ്ഞിരുന്ന ആനകളിലൊന്നാണ് മണിയെ ആക്രമിച്ചത്. ആനകള്‍ നിലയുറപ്പിച്ചിട്ടുള്ള ഭാഗത്ത് നിന്നും തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്കരികിലേക്ക് വലിയ ദൂരമില്ല.
മണിയുടെ മരണത്തോടെ ആളുകളില്‍ കാട്ടാനപ്പേടി വര്‍ധിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ ആളുകള്‍ പുറത്തിറങ്ങാന്‍ ഭയപ്പെടുന്നു. പ്രദേശത്ത് നിന്നും കാട്ടാനകളെ ഉള്‍വനത്തിലേക്ക് തുരത്തുകയും സ്വരൈ്യജീവിതത്തിന് അവസരമൊരുക്കുകയും വേണമെന്നാണ് തൊഴിലാളി കുടുംബങ്ങളുടെ ആവശ്യം.