KeralaLatest NewsLocal news

മൂന്നാറിലെ വന്യമൃഗാക്രമണം; ഇടുക്കി രൂപത വൈദിക സമിതി പ്രമേയം പാസാക്കി

ഇടുക്കി: മൂന്നാറിലെ വന്യമൃഗ ആക്രമണത്തിനെതിരേയും ആനക്കുളം പള്ളി വികാരിയെ വനംവകുപ്പുദ്യോഗസ്ഥന്‍ അസഭ്യം പറഞ്ഞതിനെതിരേയും ഇടുക്കി രൂപത വൈദിക സമിതി പ്രമേയം പാസാക്കി. മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ സാധാരണക്കാരായ ആളുകളുടെ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം അത്യന്തം ദുഃഖകരമാണെന്നും ഈ വിഷയത്തില്‍ അധികാരികള്‍ കാണിക്കുന്ന നിസംഗത മലയോര ജനതയെ കൂടുതല്‍ ഭയപ്പെടുത്തുന്നുവെന്നും പ്രമേയത്തില്‍ പരാമര്‍ശമുണ്ട്.

വന്യമൃഗങ്ങളില്‍ നിന്നും മലയോര ജനതയെ രക്ഷിക്കുവാന്‍ വാഗ്ദാനങ്ങള്‍ക്കപ്പുറം നിയമഭേദഗതികള്‍ ഉണ്ടാക്കാന്‍ സര്‍ക്കാരുകള്‍ സത്വര നടപടികള്‍ എടുക്കണം. ഇനിയും ഒരാളുടെ പോലും ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം മലയോര പ്രദേശത്ത് ഉണ്ടാകരുത്. ഈ വിഷയത്തില്‍ ശാശ്വതമായ പരിഹാരം ഉണ്ടാകുന്നില്ലെങ്കില്‍ വരും നാളുകളില്‍ ആളുകളുടെ ആശങ്കകളോട് ചേര്‍ന്ന് സമരമുഖത്തും സജീവമാകുമെന്നും പ്രമേയത്തില്‍ പറയുന്നു. ആനക്കുളം പള്ളി വികാരിയെ വനംവകുപ്പുദ്യോഗസ്ഥന്‍ അസഭ്യം പറഞ്ഞതിനെതിരെയും ഇടുക്കി രൂപതാ വൈദിക സമിതി അപലപിച്ചു.

ഇത്തരം നടപടികള്‍ സമൂഹത്തില്‍ സമാധാനാന്തരീക്ഷം തകര്‍ക്കുകയും ക്രമസമാധാന വീഴ്ച്ചക്ക് വഴിയൊരുക്കുകയും ചെയ്യും എന്നതിനാല്‍ ഉദ്യോഗസ്ഥര്‍ അനാവശ്യമായ പ്രകോപന നടപടികളില്‍ നിന്നും പിന്മാറി സമൂഹത്തില്‍ സമാധാനം സ്ഥാപിക്കാന്‍ പരിശ്രമിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

ഇടുക്കി രൂപതാ മീഡിയ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരക്കാട്ട് പ്രമേയം അവതരിപ്പിച്ചു. ഇടുക്കി രൂപതാ കാര്യാലയത്തില്‍ ചേര്‍ന്ന യോഗം ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. മോണ്‍. ജോസ് പ്ലാച്ചിക്കല്‍, മോണ്‍. അബ്രഹാം പുറയാറ്റ്, മോണ്‍, ജോസ് കരിവേലിക്കല്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!