KeralaLatest NewsLocal news

തലങ്ങും വിലങ്ങും കാട്ടുമൃഗങ്ങള്‍ പൊറുതിമുട്ടി ജനം; കല്ലാര്‍ മാങ്കുളം റോഡില്‍ പട്ടാപകല്‍ കാട്ടുപോത്ത്

മാങ്കുളം: വേനല്‍ക്കനത്തതോടെ കാട്ടുമൃഗ ശല്യത്താല്‍ പൊറുതിമുട്ടുകയാണ് മലയോര ജനത. കാട്ടാനയും കാട്ടുപോത്തും പുലിയുമടക്കമുള്ള കാട്ടുമൃഗങ്ങള്‍ക്ക് പുറമെ കുരങ്ങും കാട്ടുപന്നിയും മുള്ളന്‍പന്നിയുമെല്ലാം വലിയ കൃഷിനാശം വരുത്തുന്നു. കാട്ടുമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് തലങ്ങും വിലങ്ങും ഇറങ്ങിതുടങ്ങിയതോടെ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍.

ജില്ലയില്‍ കാട്ടുമൃഗശല്യം ഏറ്റവും രൂക്ഷമായ പഞ്ചായത്തുകളില്‍ ഒന്നാണ് മാങ്കുളം.കാട്ടാന ശല്യമാണ് പഞ്ചായത്ത് പരിധിയില്‍ രൂക്ഷമായിട്ടുള്ളത്. കാട്ടുമൃഗങ്ങള്‍ തീര്‍ക്കുന്ന കൃഷിനാശത്തിന് പുറമെ മാങ്കുളത്തേക്കുള്ള യാത്ര പോലും കാട്ടുമൃഗങ്ങളെ ഭയന്ന് വേണമെന്ന സ്ഥിതിയിലായി. കല്ലാര്‍ മാങ്കുളം റോഡില്‍ പീച്ചാടിനും കൈനഗിരിക്കുമിടയില്‍ പട്ടാപകല്‍ കാട്ടുപോത്തിന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതാണ് ആശങ്ക ഉയര്‍ത്തുന്നത്. കല്ലാറിനും കുരിശുപാറക്കും ഇടയിലും പീച്ചാട് തളികം ഭാഗത്തും വിരിപാറ, മുനിപാറ മേഖലകളിലുമൊക്കെ ഇടക്കിടെ കാട്ടാനകളുടെ സാന്നിധ്യമുണ്ടാകാറുണ്ട്.

കഴിഞ്ഞ വര്‍ഷം ഈ മേഖലകളിലൊക്കെയും കാട്ടാന ശല്യം രൂക്ഷമായിരുന്നു.ഒരു മാസം മുമ്പ് വരെ മുനിപാറ ഭാഗത്ത് പതിവായി കാട്ടാനകളുടെ സാന്നിധ്യമുണ്ടായിരുന്നു. ഇതിന് ശേഷം കാട്ടാനകള്‍ പിന്‍വാങ്ങിയെന്ന ആശ്വാസത്തിലിരിക്കെയാണ് കാട്ടുപോത്ത് റോഡിലിറങ്ങിയത്. പഠനം, ചികിത്സ, ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കൊക്കെ ദിവസവും നൂറുകണക്കിനാളുകള്‍ ഇരുചക്രവാഹനങ്ങളിലടക്കം കല്ലാര്‍ മാങ്കുളം റോഡിലൂടെ യാത്ര ചെയ്യുന്നു.വിനോദ സഞ്ചാരികളും ധാരാളമായി ഉണ്ട്.

റോഡില്‍ കാട്ടു മൃഗസാന്നിധ്യം വര്‍ധിച്ചാല്‍ ആളുകളുടെ യാത്ര പ്രതിസന്ധിയിലാകും.മുമ്പ് പലപ്പോഴും രാത്രികാല യാത്രികര്‍ കാട്ടാനകളുടെ മുമ്പില്‍ അകപ്പെട്ടിട്ടുണ്ട്. വേനല്‍കനക്കുന്നതോടെ മൃഗങ്ങള്‍ കൂടുതലായി കാടിറങ്ങാനുള്ള സാധ്യത ആശങ്ക ജനിപ്പിക്കുന്നതാണ്.

കുരങ്ങും കാട്ടുപന്നിയും മുള്ളന്‍പന്നിയും കൃഷിയിടത്തില്‍

കാട്ടാനയും കാട്ടുപോത്തും പുലിയുമടക്കമുള്ള കാട്ടുമൃഗങ്ങള്‍ക്ക് പുറമെ കുരങ്ങും കാട്ടുപന്നിയും മുള്ളന്‍പന്നിയുമാണ് കര്‍ഷകര്‍ക്ക് വെല്ലുവിളിയാകുന്നത്. വേനല്‍കനത്തതോടെ ഇവയുടെ ശല്യം വര്‍ധിച്ചു. തന്നാണ്ട് വിളകള്‍ കര്‍ഷകര്‍ പലരും ഉപേക്ഷിച്ചു. മുന്‍കാലങ്ങളെ അപേക്ഷിച്ച് കപ്പയുള്‍പ്പെടെയുള്ള തന്നാണ്ട് വിളകള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കുമ്പോള്‍ വിപണിയിലെത്തിക്കാന്‍ കര്‍ഷകര്‍ക്ക് ഉത്പന്നങ്ങളില്ല.

ഏലം കര്‍ഷകര്‍ കുരങ്ങ് ശല്യം മൂലം വലിയ പ്രതിസന്ധിയിലാണ്. കൂട്ടത്തോടെ എത്തുന്ന വാനരന്‍മാര്‍ കുറഞ്ഞ സമയം കൊണ്ട് വലിയൊരു പ്രദേശത്തെയാകെ കൃഷിയാകെ നശിപ്പിക്കുന്നുവെന്ന് കര്‍ഷകര്‍ പറയുന്നു. മുള്ളന്‍പന്നികള്‍ ഏലച്ചെടികളുടെ ശരംവെട്ടി നശിപ്പിക്കുന്നതും പ്രതിസന്ധിയാണ്.

ചൂട് കൂടി വനത്തില്‍ തീറ്റയും വെള്ളവും കുറഞ്ഞു

ചൂട് വര്‍ധിച്ചതോടെ വനം വലിയ തോതില്‍ വരണ്ടുണങ്ങിയ സാഹചര്യമുണ്ട്. വനത്തിനുള്ളില്‍ തീറ്റയും വെള്ളവും കുറഞ്ഞു. ഇത് കാട്ടുമൃഗങ്ങള്‍ കൂടുതലായി കാടിറങ്ങാന്‍ ഇടവരുത്തുന്നു. ചക്കയും മാങ്ങയുമടക്കമുള്ളവ കൃഷിയിടങ്ങളില്‍ മൂപ്പെത്തിയാല്‍ കാട്ടുമൃഗശല്യം ഇനിയും വര്‍ധിക്കുമോയെന്ന ആശങ്ക കര്‍ഷകര്‍ക്കുണ്ട്. പലയിടങ്ങളിലും കാട്ടു തീ പടര്‍ന്നതും മൃഗങ്ങളെ മറ്റൊരിടത്തേക്ക് പലായനം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഘടകമായി. വനാതിര്‍ത്തിയോട് ചേര്‍ന്ന ഇടങ്ങളില്‍ കര്‍ഷകര്‍ പകല്‍ സമയത്ത് പോലും പണികള്‍ക്കിറങ്ങുന്നത് ഭയപ്പാടോടെയാണ്.

വനംവകുപ്പിന്റെ ഇടപെടല്‍ വേണം

കാട്ടാനയും കാട്ടുപോത്തുമടക്കമുള്ള മൃഗങ്ങളുടെ സാന്നിധ്യം നിരീക്ഷണം നടത്തി മനസ്സിലാക്കുകയും അത് കൃത്യമായി അതാത് മേഖലകളിലെ ആളുകളെ അറിയിക്കാനും വനംവകുപ്പ് ഫലപ്രദമായ ഇടപെടല്‍ നടത്തണമെന്നാണ് ഉയരുന്ന ആവശ്യം.ഇത് ആളുകളെ ജാഗ്രത പാലിക്കാന്‍ സഹായിക്കും.

അപ്രതീക്ഷിതമായി ആളുകള്‍ വന്യജീവികള്‍ക്ക് മുമ്പില്‍ അകപ്പെടുന്നതാണ് പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് ഇടവരുത്തുന്നത്. കാട്ടുചോലകള്‍ വരളുന്ന സാഹചര്യത്തില്‍ വനത്തിനുള്ളില്‍ ചെറു സംഭരണികള്‍ തീര്‍ത്ത് വെള്ളം ലഭ്യമാക്കിയാല്‍ ചെറുമൃഗങ്ങള്‍ കാടിറങ്ങുന്നത് കുറക്കാമെന്നും വാദമുയരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!