ഡബിള്‍ ഡക്കര്‍ ബസില്‍ ടിക്കറ്റ് നല്‍കാതെ പണം വാങ്ങിയ ബസ് ജീവനക്കാരനെതിരെ നടപടി

മൂന്നാര്‍: മൂന്നാറില്‍ കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസിലെ വിനോദ സഞ്ചാരിയില്‍ നിന്നും ടിക്കറ്റ് നല്‍കാതെ പണം വാങ്ങിയ ബസ് ജീവനക്കാരനെതിരെ നടപടി.ടിക്കറ്റ് നല്‍കാതെ പണം വാങ്ങിയ ബസ് ജീവനക്കാരനെ കഴിഞ്ഞ ദിവസം വിജിലന്‍സ് വിഭാഗം പിടികൂടിയിരുന്നു.
മൂന്നാര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടറായ ജീവനക്കാരനെയാണ് തിരുവനന്തപുരത്തു നിന്നെത്തിയ വിജിലന്‍സ് സംഘം കഴിഞ്ഞ ദിവസം പിടികൂടിയത്. മൂന്നാറില്‍ നിന്നും ഡബിള്‍ ഡക്കറില്‍ കയറിയ വിനോദ സഞ്ചാരിയായ സ്ത്രീയില്‍ നിന്നും 400 രൂപ ഇയാള്‍ വാങ്ങിയെങ്കിലും ടിക്കറ്റ് നല്‍കിയില്ല.സംഭവ സമയത്ത് ബസില്‍ ആളറിയാതെ യാത്രക്കാരായി യാത്ര ചെയ്തിരുന്ന കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ അപ്പോള്‍ തന്നെ ഇയാളെ പിടികൂടുകയായിരുന്നു.ഈ സംഭവത്തിലാണിപ്പോള്‍ ജീവനക്കാരനെതിരെ നടപടി ഉണ്ടായിട്ടുള്ളത്.
വിജിലന്‍സിന്റെ പരിശോധനയില്‍ ഇയാളുടെ ബാഗില്‍ നിന്ന് അധികമായി പണം കണ്ടെത്തുകയും ചെയ്തിരുന്നു. വകുപ്പുതല തുടര്‍നടപടികളുടെ ഭാഗമായിട്ടാണ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളത്. അശ്രദ്ധമായി വാഹനമോടിച്ചതിന് ഇതേ ബസിന്റെ ഡ്രൈവറെ രണ്ടാഴ്ച്ച മുമ്പ് കെ എസ് ആര്‍ ടി സി എം ഡി സസ്പെന്‍ഡ് ചെയ്തിരുന്നു. മൂന്നാറിലെ പ്രകൃതി ഭംഗിയാസ്വദിക്കാന്‍ അവസരമൊരുക്കിയാണ് കെ എസ് ആര്‍ ടി സി ഡബിള്‍ ഡക്കര്‍ ബസിന്റെ സര്‍വ്വീസാരംഭിച്ചിട്ടുള്ളത്. 400 രൂപയാണ് ഡബിള്‍ ഡക്കര്‍ ബസിന്റെ മുകള്‍ നിലയിലെ യാത്രാ നിരക്ക്്.