
മാങ്കുളം: നെല്‍കൃഷിയെ ഇനിയും പൂര്‍ണ്ണമായി കൈവിട്ടിട്ടില്ലാത്ത കുരങ്ങാട്ടി പാടശേഖരത്ത് തരിശായി കിടക്കുന്ന പാടശേഖരം പൂര്‍ണ്ണമായി കൃഷിയോഗ്യമാക്കാനുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് ആവശ്യം. ഒരു കാലത്ത് സമൃദ്ധമായി നെല്ല് വിളഞ്ഞിരുന്ന പാട ശേഖരമാണ് അടിമാലി കുരങ്ങാട്ടി പാട ശേഖരം. കര്‍ഷകര്‍ നെല്‍ കൃഷിയില്‍ സജീവമായിരുന്നു. ഇന്നാലിന്ന് സ്ഥിതിയാകെ മാറി.
എണ്പത്തഞ്ചേക്കറോളം വരുന്ന പാട ശേഖരത്ത് വളരെ ചുരുങ്ങിയ സ്ഥലത്ത് മാത്രമാണ് നെല്‍കൃഷി ഉള്ളത്. പാടമാകെ കാട് കയറി മൂടി കിടക്കുന്നു. പലവിധ കാരണങ്ങളാണ് കര്‍ഷകരെ നെല്‍കൃഷിയില്‍ നിന്നും പിന്തിരിക്കുന്നത്. കാട് കയറി മൂടിയ പാടം കൃഷിയോഗ്യമാക്കാന്‍ കര്‍ഷകര്‍ക്ക് ആവതില്ല. വിത്തിനും വളത്തിനുമടക്കം തുക കണ്ടെത്തണം. പണിക്കൂലിയും മറ്റിതര ചിലവുകളുമെല്ലാം ഭാരിച്ചതാണ്. എല്ലാത്തിനും പുറമെ കാട്ടുമൃഗ ശല്യം രൂക്ഷമാണ്. കാട്ടുപന്നിയടക്കമുള്ള മൃഗങ്ങള്‍ കൃഷി നാശം വരുത്താറുണ്ട്. ഇക്കാര്യങ്ങളിലൊക്കെയും ഫലപ്രദമായ ഇടപെടല്‍ ഉണ്ടായാല്‍ കര്‍ഷകരെ നെല്‍കൃഷിയിലേക്ക് തിരികെയെത്തിക്കാം.

പ്രതിസന്ധികളെ അതിജീവിച്ച് ഇപ്പോഴും പ്രദേശത്ത് കൃഷിതുടരുന്ന കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വിളവ് ലഭിക്കാറുണ്ട്. പാടശേഖരം പൂര്‍ണ്ണമായി കതിരണിഞ്ഞാല്‍ വലിയ അളവില്‍ ഇവിടെ നിന്നും നെല്‍ ഉത്പാദിപ്പിക്കാനാകും.