
അടിമാലി: അടിമാലി കാഞ്ഞിരവേലിയില്‍ ദേവികുളം എം എല്‍ എ അഡ്വ. എ രാജയുടെ വാഹനം തടഞ്ഞവരെ നീക്കം ചെയ്യുന്നതിനിടെ എസ് ഐ മര്‍ദ്ദിച്ച രണ്ട് പേരെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരവേലി സ്വദേശി, ഇഞ്ചപ്പതാല്‍ സ്വദേശി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അടിമാലി എസ് ഐ സി എസ് അഭിരാമിനായിരുന്നു മര്‍ദ്ദനമേറ്റത്.
തിങ്കളാഴ്ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കാട്ടാന ആക്രമണത്തില്‍ മരിച്ച കാഞ്ഞിരവേലി സ്വദേശിനി ഇന്ദിരയുടെ മൃതദേഹം വീട്ടിലെത്തിച്ച ശേഷം മടങ്ങുമ്പോള്‍ എം എല്‍ എയുടെ വാഹനം കാഞ്ഞിരവേലി ക്ലബ്ബിന് സമീപം വച്ച് പ്രതികളുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. ഇവരെ നീക്കം ചെയ്യുന്നതിനിടെ പ്രതികള്‍ അടിമാലി എസ് ഐയെ മര്‍ദ്ദിച്ചുവെന്നാണ് കേസ്.

പ്രതികള്‍ പുറത്തടിക്കുകയും യൂണിഫോം വലിച്ച് കീറുകയും നഖംകൊണ്ട് മാന്തി പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് എസ് ഐയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.