
അടിമാലി: കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ കാട്ടാനക്കലിയില്‍ ജില്ലയില്‍ പൊലിഞ്ഞത് 5 ജീവനുകളാണ്. കാട്ടാന ആക്രമണത്തില്‍ ജില്ലയില്‍ ഏറ്റവും ഒടുവില്‍ ജീവന്‍ പൊലിഞ്ഞയാളാണ് കാഞ്ഞിര വേലി സ്വദേശിനി ഇന്ദിര. മൂന്നാര്‍ കന്നിമലയില്‍ കാട്ടാന ആക്രമണത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ മണി കൊല്ലപ്പെട്ട് ദിവസങ്ങള്‍ പിന്നിടവെയാണ് മറ്റൊരു ജീവന്‍ കൂടി കാട്ടാനയെടുത്തത്. ജനവാസ മേഖലയില്‍ ഇറങ്ങി ആനകള്‍ നാശം വരുത്തുന്ന സ്ഥിതിക്ക് തെല്ലും കുറവ് വന്നിട്ടില്ല. വേനല്‍ കനത്തതോടെ ജനവാസ മേഖലകളില്‍ കാട്ടാനകളുടെ സാന്നിധ്യം വര്‍ധിച്ചിട്ടുണ്ട്.
ജനുവരി 23ന് തെന്മലയില്‍ ഉണ്ടായ കാട്ടാന ആക്രമണത്തില്‍ തമിഴ്നാട് കന്യാകുമാരി സ്വദേശിയായ പാല്‍രാജ് കൊല്ലപ്പെട്ടിരുന്നു. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ബന്ധുക്കളോടൊപ്പം മൂന്നാറില്‍ എത്തിയതായിരുന്നു മരിച്ച പാല്‍രാജ്. ചിന്നക്കനാല്‍ ബി എല്‍ രാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സൗന്ദര്‍രാജ് ആശുപത്രിയില്‍ മരിച്ചതും ജനുവരി 8ന് തൊണ്ടിമല പന്നിയാര്‍ എസ്റ്റേറ്റില്‍ ജോലിക്ക് പോയ തോട്ടം തൊഴിലാളി പരിമളം കാട്ടാന ആക്രമണത്തില്‍ മരിച്ചതും കാട്ടാനക്കലി തീര്‍ത്ത കണ്ണീരോര്‍മ്മകളാണ്.

ദിവസങ്ങള്‍ മുമ്പായിരുന്നു മൂന്നാര്‍ കന്നിമലയില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ മണിയുടെ ജീവന്‍ കാട്ടാനആക്രമണത്തില്‍ പൊലിഞ്ഞത്. മരണപ്പെട്ടവര്‍ക്ക് പുറമെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരും നിരവധിയുണ്ട്. കാട്ടാന ആക്രമണം ചെറുക്കാന്‍ ഫലപ്രദമായ പദ്ധതികള്‍ വേണമെന്ന ആവശ്യം ശക്തമായ നിലനില്‍ക്കെയാണ് വീണ്ടും വീണ്ടും ജില്ലയില്‍ കാട്ടാനകള്‍ മനുഷ്യജീവനുകള്‍ കവരുന്നത്.