
മൂന്നാര്‍: മൂന്നാര്‍ രാജീവ്ഗാന്ധി കോളനിയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം. മൂന്നാര്‍ പഞ്ചായത്തിന്റെ ഇടപെടലിലൂടെയാണ് രാജീവ് ഗാന്ധി കോളനിയിലെ കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിയത്. 3500 മീറ്റര്‍ ദൂരത്തില്‍ ഹോസിട്ടതോടെയാണ് രാജീവ് ഗാന്ധി കോളനിയിലെ കിണറ്റില്‍ വെള്ളമെത്തിയത്.
വേനല്‍ക്കാലമാരംഭിച്ചത് മുതല്‍ മൂന്നാര്‍ രാജീവ്ഗാന്ധി കോളനിയിലെ കുടുംബങ്ങള്‍ വെള്ളമില്ലാതെ പ്രയാസമനുഭവിക്കുകയായിരുന്നു. എം ജി കോളനിയില്‍ നിന്നുമായിരുന്നു ഇതുവരെ രാജീവ്ഗാന്ധി കോളനിയിലേക്ക് വെള്ളമെത്തിയിരുന്നത്. വേനല്‍ കനത്തതോടെ കുടിവെള്ള ലഭ്യതക്ക് പ്രതിസന്ധിയായി.ഇതിന് പരിഹാരമായാണ് കുടിവെള്ളമെത്തിക്കാന്‍ മൂന്നാര്‍ പഞ്ചായത്തിന്റെ ഇടപെടല്‍ ഉണ്ടായത്.

പുതുക്കാട് ഭാഗത്ത് നിന്നും 3500 മീറ്റര്‍ ദൂരത്തില്‍ ഹോസിട്ടതോടെയാണ് രാജീവ് ഗാന്ധി കോളനിയിലെ കിണറ്റില്‍ വെള്ളമെത്തിയത്. ഇതോടെ കോളനി നിവാസികള്‍ക്ക് തല്‍ക്കാലം ആശ്വാസമായി. ഗ്രാമപഞ്ചായത്തംഗം റീന മുത്തുകുമാറിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. രാജീവ് ഗാന്ധി കോളനിയിലെ മുഴുവന്‍ ആളുകളും കഴിഞ്ഞ രണ്ട് ദിവസമായി ഹോസിട്ട് വെള്ളമെത്തിക്കുന്ന ജോലികളില്‍ പങ്കാളിത്തം വഹിച്ചു. കാത്തിരിപ്പിനൊടുവില്‍ കിണറ്റില്‍ വെള്ളമെത്തിയതോടെ കുടുംബങ്ങള്‍ സന്തോഷത്തിലായി.