മൂന്നാറില്‍ എം പി അഡ്വ. ഡീന്‍ കുര്യാക്കോസിനെതിരെ എ ഐ വൈ എഫിന്റെ കരിങ്കൊടി പ്രതിഷേധം

മൂന്നാര്‍: മൂന്നാറില്‍ എം പി അഡ്വ. ഡീന്‍ കുര്യാക്കോസിനെതിരെ കരിങ്കൊടി പ്രതിഷേധം. എ ഐ വൈ എഫ് പ്രവര്‍ത്തകരാണ് മൂന്നാര്‍ പഞ്ചായത്തിലെ പരിപാടിക്കെത്തിയ എം പിക്കെതിരെ കരിങ്കൊടി കാട്ടിയത്. ജില്ലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താത്ത എം പി തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പദ്ധതികളുടെ ഉദ്ഘാടനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു എ ഐ വൈ എഫിന്റെ പ്രതിഷേധം.
ടൗണില്‍ നിന്നും മുദ്രാവാക്യം വിളികളുമായി എത്തിയ പ്രവത്തകര്‍ പഞ്ചായത്ത് കവാടത്തില്‍ കുത്തിയിരുന്നു. ഇതോടെ എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഇത് സംഘര്‍ഷാവസ്ഥ രൂപം കൊള്ളാന്‍ ഇടയാക്കി. പിന്നീട് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇടപ്പെട്ട് ഇരുവിഭാഗത്തെയും മാറ്റി. ഇതിനിടെ എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ എം പിക്കെതിരെ കരിങ്കൊടി കാണിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും പോലീസിന്റെയും സംരക്ഷണത്തിലാണ് എം പി പഞ്ചായത്ത് ഹാളില്‍ പ്രവേശിച്ചത്. പ്രതിഷേധം അനാവശ്യമെന്ന് എം പി പ്രതികരിച്ചു. ഏറെ സമയം പഞ്ചായത്ത് കവാടത്തിന് മുമ്പില്‍ ഇരുവിഭാഗങ്ങളും മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ച ശേഷമാണ് സംഘര്‍ഷാവസ്ഥ അയഞ്ഞത്.